
നീലേശ്വരം: കളിപ്പാട്ടം എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ നാലര വയസ്സുകാരിക്ക് ഗുരുതരം. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയിലുള്ളത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു ഋതു ചന്ദ്ര.
മുറ്റത്തിന്റെ ഒരു ഭാഗത്ത് മര ഉരുപ്പടികൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം ഈ മരക്കൂട്ടങ്ങൾക്കിടയിലേക്ക് വീണു. ഇത് കുനിഞ്ഞെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിസരത്ത് നടത്തിയ തിരച്ചിലിൽ കുട്ടിയെ കടിച്ചത് മൂർഖൻ പാമ്പാണെന്ന് കണ്ടെത്തി. പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.
