
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ക്യാൻസർ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. എന്നാൽ ശരീരം കാണിക്കുന്ന ചില സൂചനകൾ കൃത്യമായി നിരീക്ഷിച്ചാൽ ഈ രോഗത്തെ നേരത്തെ കണ്ടെത്താൻ സാധിക്കും.
കഴുത്തിലെ മാറ്റങ്ങൾ: കഴുത്തിന്റെ മുൻഭാഗത്ത് അനുഭവപ്പെടുന്ന നീര്, മുഴകൾ, വേദന എന്നിവ തൈറോയ്ഡ് ക്യാൻസറിന്റെ പ്രധാന സൂചനകളിലൊന്നാണ്. കഴുത്തിനടിയിൽ അകാരണമായി ഉണ്ടാകുന്ന അസ്വസ്ഥതകളും ശ്രദ്ധിക്കേണ്ടതുണ്ട്.
ശബ്ദത്തിലെ മാറ്റം: ആഴ്ചകൾ പിന്നിട്ടിട്ടും മാറാത്ത പരുക്കൻ ശബ്ദം അല്ലെങ്കിൽ ശബ്ദത്തിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ തൈറോയ്ഡ് ക്യാൻസറിന്റെ ആദ്യകാല ലക്ഷണമാകാം.
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്: ഭക്ഷണം വിഴുങ്ങുമ്പോൾ അനുഭവപ്പെടുന്ന പ്രയാസവും തൊണ്ടയിൽ എന്തോ തടഞ്ഞുനിൽക്കുന്നത് പോലുള്ള തോന്നലും ഗൗരവമായി കാണണം. ചിലപ്പോൾ വേദനയില്ലാതെ തന്നെ ഈ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
ശ്വസന സംബന്ധമായ പ്രശ്നങ്ങൾ: സ്ഥിരമായുണ്ടാകുന്ന ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ലക്ഷണങ്ങളാണ്.
ശാരീരിക അവശതകൾ: അകാരണമായി ശരീരഭാരം കുറയുക, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയും മറ്റ് ലക്ഷണങ്ങൾക്കൊപ്പം പ്രകടമായേക്കാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഭയപ്പെടുകയല്ല, മറിച്ച് വിദഗ്ധനായ ഒരു ഡോക്ടറെ സമീപിച്ച് കൃത്യമായ പരിശോധനകൾ നടത്തുകയാണ് വേണ്ടത്. സ്വയം രോഗനിർണ്ണയത്തിന് ശ്രമിക്കാതെ വൈദ്യസഹായത്തോടെ മാത്രം രോഗം സ്ഥിരീകരിക്കണമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
