
കോഴിക്കോട്: താമരശ്ശേരിയില്‍ വിളവെടുക്കാറായ തണ്ണിമത്തനുകൾ എല്ലാം വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ കതിര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെയ്ത കൃഷിയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ അതിക്രമം നടന്നത്.
ചാമക്കാത്ത് വയലിലാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരുന്നത്. പാകമായ തണ്ണിമത്തനുകളെല്ലാം ചിന്നിച്ചിതറിയ നിലയിലാണ്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളാകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെങ്കിലും ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കൂട്ടായ്മ അംഗങ്ങള്‍ പറയുന്നു.
ഈ പ്രദേശത്തിന് തൊട്ടടുത്തായുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയിരുന്നു. ഇതും നാട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പ്രദേശത്തെ എട്ട് പേര്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് കതിര്‍ രൂപീകരിച്ചത്. ഈ വര്‍ഷം നെല്ല് വിളവെടുത്ത ശേഷം മുപ്പതോളം ഇനം പച്ചക്കറികളും മറ്റും കൃഷി ചെയ്തു. അതിന് പിന്നാലെയാണ് തണ്ണിമത്തനും കൃഷി ചെയ്തത്.
