BoolokamBoolokam

കാറ്റുകൊള്ളാമെന്ന് പറഞ്ഞ് കടപ്പുറത്ത് കൊണ്ടുപോയി; നാലുമാസം പ്രായമുള്ള കുഞ്ഞിനെ കടല്‍തീരത്ത് കിടത്തി; ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; പിന്നില്‍ യുവതിക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം; പൊന്നാനിയിലെ ക്രൂരത വെളിപ്പെടുത്തി 23കാരന്‍

കോഴിക്കോട്: പൊന്നാനി കടപ്പുറത്തെ മണല്‍പ്പരപ്പില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. നാലുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ സാക്ഷിയാക്കി, സംശയരോഗം മൂലം ഭര്‍ത്താവ് മുഹമ്മദ് (23) ഭാര്യ ഫാത്തിമയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഴീക്കല്‍ മാറാപ്പിന്റെ വീട്ടില്‍ ഫാത്തിമയെ (23) ഭര്‍ത്താവ് കൊലപ്പെടുത്തിയത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടടുത്തു കിടത്തിക്കൊണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് രായിന്‍മരക്കാര്‍ വീട്ടില്‍ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിനിന് മുന്നില്‍ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ എട്ടോടെ പൊന്നാനി അഴീക്കല്‍ പുലിമുട്ടിന് സമീപം കടപ്പുറത്താണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മുഹമ്മദും ഫാത്തിമയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ കാറ്റുകൊള്ളാനെന്ന് പറഞ്ഞ് ഇരുവരും കുഞ്ഞുമൊത്ത് കടപ്പുറത്തെത്തുകയായിരുന്നു. പിന്നീട് ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയം കുഞ്ഞ് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ രണ്ടോടെ മുഹമ്മദ് ഫാത്തിമയെ കഴുത്തില്‍ ഷോള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് പുലര്‍ച്ചെ ഇവിടെയെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ കാലില്‍ തെരുവ് നായകളുടെ കടിയേറ്റിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഹമ്മദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് ഇയാളെ പിടികൂടുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നിര്‍മിച്ച പുനര്‍ഗേഹം ഭവനസമുച്ചയത്തിലെ ഫ്‌ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ താമസിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇരുവരും കഴിഞ്ഞ ദിവസം രാത്രി ഇവര്‍ ബൈക്കില്‍ കറങ്ങാനിറങ്ങിയതായും ഇതിനിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രാത്രി കുഞ്ഞിനെയും ഫാത്തിമയെയും കൂട്ടി ഇറങ്ങിയ മുഹമ്മദ് ഇവരെ കടപ്പുറത്ത് ആരുമില്ലാത്ത ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കടപ്പുറത്തേക്കു പോകുന്നതിനു മുന്‍പ് ഇവര്‍ കര്‍മ റോഡിന്റെ പരിസരത്തുണ്ടായിരുന്നതായും വിവരമുണ്ട്. അഴിമുഖത്തെ മണല്‍ത്തിട്ടയ്ക്കടുത്ത് ഏറെ നേരം ഇരുന്ന് സംസാരിച്ച ഇവര്‍ വാക്കു തര്‍ക്കത്തിലാവുകയും പിന്നീട് ഫാത്തിമയെ കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് വിവരം.

കൊലപാതകത്തിനു ശേഷം കുഞ്ഞിനെയും എടുത്ത് പുലര്‍ച്ചെ മൂന്നോടെ ഇയാള്‍ പുനര്‍ഗേഹം ഭവനസമുച്ചയത്തിലെ ഫ്‌ലാറ്റിലെത്തി കുഞ്ഞിനെ തന്റെ ഉമ്മയെ ഏല്‍പിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെ പകല്‍ തന്നെ മുഹമ്മദിനെ പരപ്പനങ്ങാടിയില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭാര്യയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് പല തവണ ഫാത്തിമയെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറ്റുകൊള്ളാമെന്ന് പറഞ്ഞ് കടപ്പുറത്ത് കൊണ്ടുപോയി; നാലുമാസം പ്രായമുള്ള കുഞ്ഞിനെ കടല്‍തീരത്ത് കിടത്തി; ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; പിന്നില്‍ യുവതിക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം; പൊന്നാനിയിലെ ക്രൂരത വെളിപ്പെടുത്തി 23കാരന്‍ - Marunadan Malayali | Boolokam