
കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ബി.ടെക് സിവില്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി കെ.എസ്. ദര്‍ശനയെയാണ് (21) വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥി മരണമാണിത്. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദര്‍ശന്റെയും ഷൈജയുടെയും മകളാണ് ദര്‍ശന. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഹിദായത്ത് നഗറിലെ വാടകമുറിയില്‍ ദര്‍ശനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദര്‍ശന പരീക്ഷയ്ക്ക് എത്തിയിരുന്നില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി. പരീക്ഷ കഴിഞ്ഞ് കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനി എത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ദര്‍ശനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടുത്ത മാസം നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കായി സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച് പഠിക്കാനെന്ന് പറഞ്ഞാണ് ഒരാഴ്ച മുന്‍പ് ദര്‍ശന വീട്ടില്‍ നിന്ന് പോയത്. ദര്‍ശനയ്ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളോ സമ്മര്‍ദ്ദങ്ങളോ ഉണ്ടായിരുന്നതായി അറിവില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സിബിച്ചന്‍ ജോസഫിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. മരണത്തിന് പിന്നില്‍ പഠനസമ്മര്‍ദ്ദമാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഏപ്രില്‍ 22-ന് ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹരിപ്പാട് സ്വദേശി ഡി. ധനുഷ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദര്‍ശനയുടെയും മരണം. തുടര്‍ച്ചയായ ആത്മഹത്യകള്‍ ക്യാമ്പസിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ അടിയന്തര യോഗം വിളിച്ചു.
മെയ് 5-ന് സെനറ്റ് ഹാളില്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
