
ചാലക്കുടി: കേരളത്തിന്റെ ഹൃദയ ശസ്ത്രക്രിയ ചികിത്സാ ചരിത്രത്തിലെ സമാനതകളില്ലാത്ത വിപ്ലവത്തിന്റെ ആദ്യ ഗുണഭോക്താവ് മാത്യു അച്ചാടന്‍ ഓര്‍മ്മയായി. സംസ്ഥാനത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് മാര്‍ഗ്ഗം ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃശ്ശൂര്‍ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍ (57) ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്ത് വര്‍ഷം മുന്‍പ് നടന്ന ആ ശസ്ത്രക്രിയ കേരളത്തിന്റെ ആരോഗ്യരംഗത്ത് ആധുനിക സാങ്കേതികവിദ്യയും സര്‍ക്കാരും ജനങ്ങളും എങ്ങനെ ഒത്തൊരുമിക്കണം എന്നതിന്റെ ഉജ്ജ്വല മാതൃകയായിരുന്നു.
ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന മാത്യുവിന് 47-ാം വയസ്സിലാണ് ഹൃദയപേശികള്‍ തളരുന്ന 'ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി' ബാധിക്കുന്നത്. ഹൃദയം മാറ്റി വെക്കുക അല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ചികിത്സകള്‍ ആരംഭിച്ചു. നിര്‍ദ്ധന കുടുംബാംഗമായ മാത്യുവിന്റെ ശസ്ത്രക്രിയയ്ക്കായി പരിയാരത്തെ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തിറങ്ങി. പഞ്ചായത്ത് മെമ്പര്‍ ഡാലി വര്‍ഗീസിന്റെയും അധ്യാപകനായ പി.വി. ഷിബുവിന്റെയും നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് ലക്ഷക്കണക്കിന് രൂപയാണ് സാധാരണക്കാരായ നാട്ടുകാര്‍ സമാഹരിച്ചത്.
ഈ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരത്ത് മസ്തിഷ്‌കാഘാതം മൂലം മരിച്ച നീലകണ്ഠ ശര്‍മ്മ എന്ന യുവ അഭിഭാഷകന്റെ ഹൃദയം മാത്യുവിന് അനുയോജ്യമാണെന്ന വിവരം ലഭിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് റോഡ് മാര്‍ഗ്ഗം ഹൃദയം എത്തിക്കുക എന്നത് അന്നത്തെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയായിരുന്നു. നാല് മണിക്കൂറിലധികം യാത്ര വേണ്ടിവരുന്ന റോഡ് മാര്‍ഗ്ഗത്തിന് പകരമായി എയര്‍ ആംബുലന്‍സ് എന്ന ആശയം ഡോ. പെരിയപ്പുറം മുന്നോട്ടുവെച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ വഴി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ടതോടെ നാവികസേനയുടെ ഡോണിയര്‍ വിമാനം ഇതിനായി സജ്ജമായി.
തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കുള്ള ആ 35 മിനിറ്റ് യാത്ര ചരിത്രമായിരുന്നു. മെഡിക്കല്‍ സംഘം ഹൃദയവുമായി വിമാനമിറങ്ങിയ ഉടന്‍ കൊച്ചി നഗരത്തില്‍ പോലീസ് 'ഗ്രീന്‍ കോറിഡോര്‍' ഒരുക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം ലിസി ആശുപത്രിയിലെത്തിക്കുകയും അര്‍ദ്ധരാത്രിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കും വ്യോമഗതാഗതത്തിനുമായി ചിലവായ തുകയുടെ വലിയൊരു ഭാഗം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വഹിച്ചു. ഇതോടെ കേരളത്തില്‍ എയര്‍ ആംബുലന്‍സ് വഴി അവയവം മാറ്റിവെക്കുന്ന ആദ്യ വ്യക്തിയായി മാത്യു മാറി.
നാടൊന്നിച്ചു, ഒപ്പം സര്‍ക്കാരും....
ഹൃദയപേശികള്‍ ദുര്‍ബലമാവുകയും രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയുകയും ചെയ്യുന്ന 'ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി' (dilated cardiomyopathy) ബാധിച്ചാണ് മാത്യുവിനെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഴ്ചകളോളം നീണ്ട പരിശോധനകള്‍ക്കും ചികിത്സയ്ക്കും ശേഷം അച്ചാടന്റെ അവസ്ഥ മാറ്റമില്ലാതെ തുടര്‍ന്നതോടെ ഹൃദയം മാറ്റിവെക്കല്‍ മാത്രമാണ് ഏക പോംവഴിയെന്ന് വ്യക്തമായി. തുടര്‍ന്ന് അദ്ദേഹത്തെ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗിന്റെ (KNOS) വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി
ഈ കാത്തിരിപ്പ് കാലയളവില്‍ അദ്ദേഹത്തിന്റെ കുടുംബം വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയത്. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്ന മാത്യുവിനെ സഹായിക്കാന്‍ പരിയാരത്തെ നാട്ടുകാര്‍ ഒത്തുചേര്‍ന്നു. അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ഡാലി വര്‍ഗീസ്, അധ്യാപകനായ പി.വി. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ചു. അവര്‍ പണം സമാഹരിക്കുകയും മാനസിക പിന്തുണ നല്‍കുകയും ചെയ്തു.
ഇതിനിടെ മാത്യുവിന്റെ ആരോഗ്യം വഷളാവുകയും ശ്വാസകോശ സംബന്ധമായ തടസ്സങ്ങള്‍ നേരിടുകയും ചെയ്തതോടെ ശസ്ത്രക്രിയ കൃത്യസമയത്ത് നടക്കുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടായി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് മസ്തിഷ്‌കാഘാതം മൂലം മരണം സംഭവിച്ച നീലകണ്ഠ ശര്‍മ എന്ന യുവ അഭിഭാഷകന്റെ ഹൃദയം ലഭ്യമാണെന്ന വിവരം അറിയുന്നത്. അദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയും ആ ഹൃദയം മാത്യുവിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാല്‍, ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. റോഡ് മാര്‍ഗം ഹൃദയം എത്തിക്കാന്‍ ഏകദേശം നാല് മണിക്കൂര്‍ എടുക്കുമെന്നതും അക്കാലത്തെ റോഡിന്റെ അവസ്ഥയും ശസ്ത്രക്രിയയുടെ വിജയത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് എയര്‍ ആംബുലന്‍സ് എന്ന ആശയം മുന്നോട്ടുവരുന്നത്.
പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്. എറണാകുളം ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. നേവിയിലുള്ള തന്റെ ബന്ധു മുഖേന ഡോ. പെരിയപ്പുറം ഹെലികോപ്റ്ററിനായി ശ്രമിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ. വഴി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെടുകയും ജില്ലാ കളക്ടറുടെയും നേവി ഉദ്യോഗസ്ഥരുടെയും ഏകോപനത്തിലൂടെ അനുയോജ്യമായ വിമാനം ക്രമീകരിക്കുകയും ചെയ്തു.
ആദ്യം നേവി നല്‍കിയ ഹെലികോപ്റ്ററില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ ആറ് പേരെയും മെഡിക്കല്‍ ഉപകരണങ്ങളും വഹിക്കാന്‍ ശേഷിയുള്ള ഒരു ഡോണിയര്‍ വിമാനം (Dornier aircraft) വിട്ടുനല്‍കാന്‍ പിന്നീട് തീരുമാനമായി. രാത്രി വൈകി നടന്ന നിരവധി ഫോണ്‍ കോളുകള്‍ക്കൊടുവിലാണ് ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാന്‍ വഴി തെളിഞ്ഞത്. ഡോ. പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഡോണിയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പറന്നു. മിലിട്ടറി റണ്‍വേയില്‍ ഇറങ്ങിയ അവരെ വലിയൊരു മാധ്യമസംഘം സ്വീകരിച്ചു.
ഹൃദയം സ്വീകരിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാര്‍ അവയവദാതാവായ നീലകണ്ഠ ശര്‍മ്മയുടെ കുടുംബത്തെ കണ്ട് നന്ദി അറിയിച്ചു. ശസ്ത്രക്രിയാ മുറിയില്‍വെച്ച് ദാതാവിന്റെ ഹൃദയധമനികളില്‍ അമിതമായ കാല്‍സ്യം അടിഞ്ഞുകൂടിയതായി കണ്ടെത്തിയത് ഹൃദയത്തിന്റെ അനുയോജ്യതയെക്കുറിച്ച് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, പുതുതായി വാങ്ങിയ ഫ്ലൂറോസ്‌കോപ്പി മെഷീന്‍ ഉപയോഗിച്ച് ആന്‍ജിയോഗ്രാം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഹൃദയധമനികളില്‍ തടസ്സങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം സ്ഥിരീകരിച്ചതോടെയാണ് ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാന്‍ സാധിച്ചത്.
മെഡിക്കല്‍ സംഘം വിമാനത്താവളത്തിലേക്ക് തിരികെ എത്തുകയും വെറും 13 മിനിറ്റിനുള്ളില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുകയും ചെയ്തു. അവിടെനിന്ന് പറന്നുയര്‍ന്ന ഡോണിയര്‍ വിമാനം 35 മിനിറ്റിനുള്ളില്‍ കൊച്ചിയിലെത്തി. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ ആംബുലന്‍സിന് വേഗത്തില്‍ ആശുപത്രിയില്‍ എത്താനായി തിരക്കേറിയ എം.ജി. റോഡില്‍ പോലീസ് 'ഗ്രീന്‍ കോറിഡോര്‍' ഒരുക്കി. അര്‍ദ്ധരാത്രിയോടെ മാത്യുവിന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. അദ്ദേഹത്തിന് പുതിയ ജീവിതം ലഭിച്ചു.
സംസ്ഥാന സര്‍ക്കാരാണ് വ്യോമഗതാഗതത്തിനുള്ള ചെലവ് വഹിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിനായി ആറുലക്ഷം രൂപ അനുവദിച്ചു. എയര്‍ ആംബുലന്‍സിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം വലിയ ആശ്വാസമാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കിയത്.
എറാം ഗ്രൂപ്പിലെ വ്യവസായി സിദ്ദിഖ് അഹമ്മദ് വിമാനത്തിന്റെ ചെലവ് വഹിക്കാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കുകയായിരുന്നു. പരിയാരത്തെ നാട്ടുകാര്‍ ശസ്ത്രക്രിയയ്ക്കായി വിവധയിടങ്ങളില്‍നിന്ന് പണം സമാഹരിച്ചു. ആദ്യഘട്ടത്തില്‍ 50,000 രൂപ സമാഹരിച്ച സഹായ സമിതി, ഹൃദയം ലഭ്യമാകുമ്പോഴേക്കും 15 ലക്ഷം രൂപയോളം കണ്ടെത്തിയിരുന്നു. ബാക്കി വന്ന തുക സിദ്ദിഖ് അഹമ്മദ് നല്‍കി.
ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ദശാബ്ദക്കാലം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്ന മാത്യു അച്ചാടന്‍, അവയവദാന ബോധവല്‍ക്കരണ രംഗത്തും സജീവമായിരുന്നു. ദാതാവായ നീലകണ്ഠ ശര്‍മ്മയുടെ കുടുംബത്തോടുള്ള കടപ്പാട് മാത്യു എപ്പോഴും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണ് മാത്യുവിനെ മരണം തേടിയെത്തിയത്. മെഡിക്കല്‍ ലോകത്തെ അത്ഭുതങ്ങള്‍ക്കും അപ്പുറം, ഒരു നാടിന്റെയും സര്‍ക്കാരിന്റെയും വലിയൊരു കൂട്ടായ്മയുടെ പ്രതീകമായി മാത്യു അച്ചാടന്റെ ജീവിതം എന്നും സ്മരിക്കപ്പെടും.
