BoolokamBoolokam

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കെ സി വേണുഗോപാല്‍ യോഗ്യന്‍; രാഹുലിന്റെ മനസില്‍ എന്താണെന്ന് അറിയില്ല; കെസിക്ക് ആഗ്രഹമുണ്ടെങ്കില്‍ അംഗീകരിക്കേണ്ടതാണ്; സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ നിരവധി പേരുണ്ട്: മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരണവുമായി താരിഖ് അന്‍വര്‍; കെ സി ശ്രദ്ധാകേന്ദ്രമാകവേ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനായി വീണ്ടും നിയമിച്ചു ലോക്‌സഭാ സ്പീക്കര്‍

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പ്രതികരണവുമായി മുന്‍പ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു താരിഖ് അന്‍വര്‍. കെ സി വേണുഗോപാല്‍ അനുഭവ സമ്പത്തുള്ള നേതാവാണെന്നും കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായ താരിഖ് അന്‍വര്‍ പ്രതികരിച്ചു. കെ സി കേരള രാഷ്ട്രീയത്തില്‍ സജീവമാണ്. അദ്ദേഹം കേരളത്തിലേക്ക് പോയാല്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ വാര്‍ത്താചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'കെസി വേണുഗോപാല്‍ കേരളത്തിലേക്ക് പോയാല്‍ പ്രതിസന്ധിയുണ്ടാവില്ല. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ നിരവധി പേരുണ്ട്. 12 ജനറല്‍ സെക്രട്ടറിമാരുണ്ട്. സംഘടനാ ചുമതല കിട്ടുന്നതിന് മുമ്പ് കെസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമായിരുന്നു. രാഹുലിന്റെ തീരുമാനം നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അറിയില്ല. കെസിക്ക് ആഗ്രഹമുണ്ടെങ്കില്‍ അംഗീകരിക്കേണ്ടതാണ്'- താരിഖ് അന്‍വര്‍ പറഞ്ഞു.

അതേസമയം, എട്ട് എക്‌സിറ്റ് പോള്‍ സര്‍വേകളിലും അനുകൂല പ്രവചനം വന്നതോടെ, തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ആവേശത്തോടെ ഉറ്റുനോക്കുകയാണ് യു.ഡി.എഫ്. പ്രവചനങ്ങള്‍ പാളിയില്ലെങ്കില്‍ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തില്‍ എത്തും. എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ട് ഒറ്റതിരിഞ്ഞ ചില അവകാശവാദങ്ങള്‍ ഉന്നയിച്ചതൊഴിച്ചാല്‍, എല്‍.ഡി.എഫ് ക്യാമ്പ് മൗനത്തിലാണ്. ബി.ജെ.പിയും കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്ന തരത്തില്‍ പൊട്ടിപ്പുറപ്പെട്ട മുഖ്യമന്ത്രി ചര്‍ച്ചയും സര്‍വേഫലത്തോടെ വഴിതിരിഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുഖ്യമന്ത്രി ചര്‍ച്ച.നേതാക്കളുടെ പക്ഷം പിടിച്ച് അനുയായികളും ആരാധകരും രംഗത്ത് വന്നിരുന്നു.

അതു തടയാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടെങ്കിലും സമൂഹമാദ്ധ്യമങ്ങളില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്ക് ചൂടുകൂടി. കോണ്‍ഗ്രസില്‍ തമ്മിലടിയാവുമെന്നും അത് യു.ഡി.എഫിന് നാണക്കേടാണെന്നും മുന്‍കൂട്ടികണ്ടാണ് പതിവിനു വിരുദ്ധമായി ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പിന്നാലെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളും സതീശനെ പിന്തുണച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. ഫലം വരും മുമ്പേ മുഖ്യമന്ത്രി വിഷയത്തില്‍ ഘടകകക്ഷി അഭിപ്രായ പ്രകടനം നടത്തിയതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്.

അതിനിടെ ദേശീയ തലത്തിലും ഒരു നിര്‍ണായക കാര്യ കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. കെ സി വേണുഗോപാലിനെ പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി എ സി) അധ്യക്ഷനായി നിയമിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്. 2026 - 27 വര്‍ഷത്തേക്കാണ് നിയമനം.

15 ലോക്സഭാ എം പിമാരും ഏഴ് രാജ്യസഭാ എം പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക. നേരത്തെയും കെ സി വേണുഗോപാല്‍ ഈ ചുമതല വഹിച്ചിരുന്നു. പി. എ സി ചെയര്‍മാന്‍ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയായിരുന്നു കെ സി വേണുഗോപാല്‍. കേരളത്തില്‍ നിന്ന് കെ സിക്ക് മുന്നേ ജോണ്‍ മത്തായി (1948- 49), സി എം സ്റ്റീഫന്‍ (1977 - 78), കെ വി തോമസ് (2014 - 16) എന്നിവരും പി എ സി അധ്യക്ഷരായിട്ടുണ്ട്. 1967 മുതല്‍ പ്രതിപക്ഷത്തിനാണ് പി എ സി അധ്യക്ഷസ്ഥാനം നല്‍കുന്നത്.

കേരളത്തില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാല്‍ വരണമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് പി എ സി ചെയര്‍മാന്‍ പദവി വീണ്ടും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!