
കൊച്ചി: നഗരത്തെ നടുക്കിയ 'വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി'ക്ക് പിന്നിലെ പ്രധാന കണ്ണി കെവിന്‍ ബി. മാത്യു പിടിയിലായതോടെ പുറത്തുവരുന്നത് കൊച്ചിയിലെ ഉന്നത ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍. തൃശൂരിലെയും തിരുവനന്തപുരത്തെയും രണ്ട് പ്രമുഖ സിനിമാ താരങ്ങളുടെ മക്കള്‍ കെവിന്റെ സ്ഥിരം ഇടപാടുകാരായിരുന്നുവെന്ന സൂചനയെത്തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സിനിമാ മേഖലയിലെ യുവതാരങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും പുറമെ പ്രമുഖ ഡോക്ടര്‍മാരും അഭിഭാഷകരും കെവിന്റെ കസ്റ്റമര്‍ ലിസ്റ്റിലുണ്ടെന്ന മൊഴി അന്വേഷണസംഘത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
കെമിക്കല്‍ ഡ്രഗ്സിന്റെ ഹോള്‍സെയില്‍ ഡീലറായ തൃക്കാക്കര ചെമ്പുമുക്ക് സ്വദേശി കെവിന്‍ വലിയൊരു വിതരണ ശൃംഖലയാണ് കൊച്ചിയില്‍ രൂപപ്പെടുത്തിയിരുന്നത്. വിവിധ ആശുപത്രികളിലെ യുവഡോക്ടര്‍മാര്‍ക്കും ദന്തഡോക്ടര്‍മാര്‍ക്കും താന്‍ ലഹരി എത്തിച്ചിരുന്നതായി കെവിന്‍ പോലീസിനോട് സമ്മതിച്ചു. ഡോക്ടര്‍മാരെപ്പോലെയുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ പോലും ലഹരിക്ക് അടിമകളാണെന്ന വിവരം ഗൗരവത്തോടെയാണ് തൃക്കാക്കര പോലീസ് കാണുന്നത്. ഇവരുടെ മൊഴികള്‍ വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. ഡോക്ടര്‍മാരിലേക്കും അന്വേഷണം നീളും.
സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെയും പെണ്‍കുട്ടികളെയും കെണിയില്‍ വീഴ്ത്തി ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്നതായും കണ്ടെത്തലുണ്ട്. ഇത്തരത്തില്‍ ഇയാള്‍ ഉണ്ടാക്കിയെടുത്ത ലഹരി റാക്കറ്റിനെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ഡ്രഗ് പാര്‍ട്ടികളിലേക്ക് എംഡിഎംഎയും എക്സ്റ്റസി പില്‍സും എത്തിച്ചിരുന്നത് കെവിനായിരുന്നു. ലഹരി വിതരണത്തിനായി പ്രത്യേക ഏജന്റുമാരെയും ഇയാള്‍ നിയമിച്ചിരുന്നു. ഇതില്‍ രണ്ട് ഏജന്റുമാരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി.
തൃശൂരിലെയും തിരുവനന്തപുരത്തെയും രണ്ട് സിനിമാ താരങ്ങളുടെ മക്കളുമായി കെവിന്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഇവരുമായി കെവിന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചുവരികയാണ്. ലഹരി ശൃംഖലയുടെ വേരുകള്‍ കണ്ടെത്താന്‍ കെവിനെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് വിശദമായി ചോദ്യം ചെയ്യും.
പ്രമുഖ ബിസിനസുകാര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും കെവിന്റെ പട്ടികയിലുണ്ട്. കൊച്ചിയിലെ നൈറ്റ് പാര്‍ട്ടികളിലും ഡിജെ പാര്‍ട്ടികളിലും എത്തുന്നവരിലേക്ക് ലഹരി ഒഴുകുന്നത് കെവിന്‍ വഴിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖര്‍ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചി നഗരത്തിലെ ലഹരി മാഫിയയുടെ കിങ്പിന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെവിന്റെ മൊഴികള്‍ സിനിമാ-സാംസ്‌കാരിക മേഖലകളില്‍ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഗുണ്ടാ നേതാവിന്റെ അടുത്ത അനുയായിയാണ് കെവിന്‍.
