
കൊച്ചി: വേനൽച്ചൂട് കഠിനമായതോടെ കൊച്ചി നഗരത്തിൽ സംഭാരത്തിനും ഇതര പാനീയങ്ങൾക്കും ആവശ്യക്കാർ ഏറുന്നു. മിൽമയുടെ സംഭാര വിൽപന കൊച്ചി നഗരപ്രദേശത്തു മാത്രം പ്രതിദിനം 20,000 പാക്കറ്റ് പിന്നിട്ടു. ആവശ്യകത വർധിച്ചതോടെ വിതരണം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് മിൽമ അധികൃതർ. മിൽമയുടെ എറണാകുളം യൂണിയൻ ആകെ വിതരണം ചെയ്യുന്ന 40,000 പാക്കറ്റ് സംഭാരത്തിൽ പകുതിയും വിറ്റഴിക്കുന്നത് നഗരത്തിലാണ്.
കുപ്പിയിലുള്ള കട്ടിമോരിന്റെ വിൽപനയും 2000 കടന്നു. കൃത്രിമ പാനീയങ്ങൾ ഒഴിവാക്കി മോര്, കരിക്ക്, തണ്ണിമത്തൻ ജ്യൂസ് എന്നിവയിലേക്ക് ജനങ്ങൾ മാറുന്നതാണ് ഈ വർധനവിന് കാരണം. മരട് നഗരസഭ മിൽമയുമായി ചേർന്ന് തുടങ്ങിയ തണ്ണീർപന്തൽ വൻ വിജയമായതോടെ റസിഡന്റ്സ് അസോസിയേഷനുകളും സമാന മാതൃക പിന്തുടരുന്നുണ്ട്. ചൂട് കൂടിയതോടെ മത്സ്യ വിപണിയിൽ ഐസിന്റെ ഉപയോഗം കുത്തനെ കൂടി.
അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാൽ മീൻ വേഗം വാടുകയും ഐസ് പെട്ടെന്ന് ഉരുകുകയും ചെയ്യുന്നത് വ്യാപാരികളെ കുഴക്കുന്നുണ്ട്. മീനിന്റെ ഫ്രഷ്നസ് നിലനിർത്താൻ കൂടുതൽ ഐസ് ഉപയോഗിക്കേണ്ടി വരുന്നത് അധിക ബാധ്യതയാവുകയാണെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ 12 പെട്ടി ഐസ് വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 20 പെട്ടിയോളം ഐസ് ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്ന് കടവന്ത്രയിലെ വ്യാപാരി എം.ആർ. റാഫി സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ പൊതുവിപണിയിൽ ഐസ് പെട്ടിക്ക് 100 രൂപ മുതൽ 140 രൂപ വരെയാണ് വില.
