
കൊച്ചി: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, ബദല്‍ മാര്‍ഗ്ഗമായ സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കെഎസ്ഇബി കാട്ടുന്നത് വന്‍ കെടുകാര്യസ്ഥതയും അഴിമതിയുമെന്ന് വെളിപ്പെടുത്തല്‍. കോട്ടയം ഏറ്റുമാനൂരിലും കാസര്‍ഗോഡ് മൈലാട്ടിയിലും നടപ്പാക്കാന്‍ ഉദ്ദേശിച്ച ഗ്രിഡ് ബന്ധിത സോളാര്‍ പദ്ധതികള്‍ പാളിയതിലൂടെ കോടികളുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടായിരിക്കുന്നത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് കെഎസ്ഇബിയുടെ 'പീക്ക് ലോഡ്' അഴിമതിയുടെ രേഖകള്‍ പുറത്തുവിട്ടത്.
ഏറ്റുമാനൂരില്‍ 'പണി പാളി'; മുങ്ങിയത് 2.48 കോടി
കോട്ടയം ഏറ്റുമാനൂരിലെ 1 മെഗാവാട്ട് സോളാര്‍ പദ്ധതിക്കായി 6.68 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, പദ്ധതി എങ്ങുമെത്തിയില്ലെങ്കിലും സാധനങ്ങളുടെ വിലയായും സംഭരണ ചാര്‍ജായും കരാറുകാരന് 2.48 കോടി രൂപ ബോര്‍ഡ് അനുവദിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ബെംഗളൂരു ആസ്ഥാനമായ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ കരാര്‍ കാലാവധി യാതൊരു പിഴയും ചുമത്താതെ 2022 ഡിസംബര്‍ വരെ നീട്ടിനല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോടികള്‍ ചിലവഴിച്ചിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ പദ്ധതി വഴിയുണ്ടായ ആകെ നഷ്ടം കണക്കാക്കാന്‍ പോലും കെഎസ്ഇബി തയ്യാറായിട്ടില്ല എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
മൈലാട്ടിയില്‍ 1.58 കോടിയുടെ കരിനിഴല്‍
കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടി സബ്‌സ്റ്റേഷനില്‍ വിഭാവനം ചെയ്ത സോളാര്‍ പദ്ധതിയുടെ സ്ഥിതിയും വിഭിന്നമല്ല. 5.82 കോടിയുടെ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ബോര്‍ഡിന് 1.58 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജോലി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് 2021-ലാണ് കരാര്‍ റദ്ദാക്കിയത്. കെഎസ്ഇബിയുടെ ഇച്ഛാശക്തിയില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് ഇത്തരം വന്‍കിട പദ്ധതികള്‍ പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണമെന്ന ആക്ഷേപം ശക്തമാണ്.
ആസൂത്രണമില്ലായ്മയും അശാസ്ത്രീയമായ സ്ഥലം തിരഞ്ഞെടുപ്പും വഴി ജനങ്ങളുടെ നികുതിപ്പണം വെളിച്ചപ്പാടുകളെപ്പോലെ തല്ലിത്തകര്‍ക്കുകയാണ് കെഎസ്ഇബി എന്ന് ഗോവിന്ദന്‍ നമ്പൂതിരി കുറ്റപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഓടിനടക്കുന്ന ബോര്‍ഡ്, സ്വന്തം വീഴ്ചകള്‍ മൂലം ഉണ്ടാകുന്ന കോടികളുടെ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്നോ കരാറുകാരില്‍ നിന്നോ ഈടാക്കാന്‍ തയ്യാറാകുന്നില്ല. ഈ നഷ്ടത്തിന് ഉത്തരവാദികളായവരില്‍ നിന്ന് തുക ഈടാക്കണമെന്നും ആ തുക ഉപയോഗിച്ച് വൈദ്യുതി ബില്ലില്‍ കുറവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗും പവര്‍കട്ടും പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, കോടികള്‍ മുടക്കിയ സോളാര്‍ പദ്ധതികള്‍ വെറും നോക്കുകുത്തികളായി മാറുന്നത് കെഎസ്ഇബിയിലെ ഉന്നതതല അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ കെടുകാര്യസ്ഥതയില്‍ വൈദ്യുതി മന്ത്രിക്കും ബോര്‍ഡ് ചെയര്‍മാനും മറുപടിയില്ല. സാധാരണക്കാരന്റെ പോക്കറ്റടിക്കുന്നതിന് മുന്‍പ് ഇത്തരം വന്‍കിട തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
കെഎസ്ഇബി: അഴിമതിയുടെ പീക്ക് ലോഡില്‍
* സോളാര്‍ പദ്ധതികള്‍ പാളി; ഏറ്റുമാനൂരില്‍ ചെലവഴിച്ചത് 2.48 കോടി, മൈലാട്ടിയില്‍ നഷ്ടം 1.58 കോടി
ഏറ്റുമാനൂര്‍: 6.68 കോടിയുടെ പദ്ധതി, ചെലവഴിച്ചത് 2.48 കോടി, നഷ്ടം കണക്കാക്കിയിട്ടില്ല!
6.68 കോടി രൂപ (6,68,72,000) ചെലവ് പ്രതീക്ഷിച്ച കോട്ടയം ഏറ്റുമാനൂരിലെ 1 മെഗാവാട്ട് സോളാര്‍ പദ്ധതിക്കായി കരാറുകാര്‍ വിതരണം ചെയ്ത സാധനങ്ങളുടെ വിലയ്ക്കും സംഭരണ ചാര്‍ജിനുമായി 2.48 കോടി രൂപ (2,48,76,289) കെഎസ്ഇബി അനുവദിച്ചു. എന്നാല്‍ പദ്ധതി നടപ്പാകാത്തതിനെ തുടര്‍ന്നുള്ള മൊത്തം നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. ബെംഗളൂരു ആസ്ഥാനമായ സ്ട്രാറ്റോടെക് ജൂള്‍ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും ഗ്രീന്‍സോള്‍ റിന്യൂവബിള്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനായിരുന്നു കരാര്‍.
2016 ജൂണ്‍ 14 ന് കരാര്‍ ഒപ്പിട്ടു. പിഴ ചുമത്താതെ പദ്ധതി പൂര്‍ത്തീകരണ കാലയളവ് 2022 ഡിസംബര്‍ 31 വരെ കരാറുകാരന് നീട്ടി നല്‍കി.
മൈലാട്ടി: 1.58 കോടി നഷ്ടം, ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടി
5.82 കോടി രൂപ (5,82,00,000) ചെലവ് വരുന്ന കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടി 220 കെവി സബ്‌സ്റ്റേഷനിലെ 1 മെഗാവാട്ട് ഗ്രിഡ് ബന്ധിത സോളാര്‍ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബിക്ക് 1.58 കോടി രൂപ
(1,58,36,040) നഷ്ടമുണ്ടായി. ചെന്നൈ ആസ്ഥാനമായ അലക്ട്രോണ എനര്‍ജി ലിമിറ്റഡ് ആയിരുന്നു കരാറുകാരന്‍. 2018 മാര്‍ച്ച് 1ന് കരാര്‍ ഒപ്പിട്ടു, 2018 ഓഗസ്റ്റ് 14ന് സ്ഥലം കൈമാറി. 2021-ല്‍ കെഎസ്ഇബി കരാര്‍ റദ്ദാക്കി.
ആസൂത്രണമില്ലായ്മയും അശാസ്ത്രീയമായ സ്ഥലം തിരഞ്ഞെടുപ്പും എങ്ങനെ നികുതി പണം ചോര്‍ത്തിക്കളയുന്നു എന്നതിന് തെളിവാണ് ഏറ്റുമാനൂര്‍. മൈലാട്ടി കെഎസ്ഇബിയുടെ ഇച്ഛാശക്തിയില്ലായ്മ തുറന്നുകാട്ടുന്നു. ഇത് കാര്യക്ഷമതയില്ലായ്മയല്ല, കെഎസ്ഇബിയിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഗോവിന്ദന്‍ നമ്പൂതിരി കുറ്റപ്പെടുത്തി.
വൈദ്യുതി നിരക്ക് കൂട്ടാന്‍ ബോര്‍ഡ് ന്യായങ്ങള്‍ കണ്ടെത്തുമ്പോള്‍, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും കെഎസ്ഇബി തുക ഈടാക്കാത്തത് എന്തുകൊണ്ട്.
വൈദ്യുതി മന്ത്രിയും കെഎസ്ഇബിയും മറുപടി പറയണം. ഈ നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍നിന്ന് തുക ഈടാക്കി വൈദ്യുതി ബില്ലില്‍ കുറവ് വരുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.
