BoolokamBoolokam

കോണ്‍ഗ്രസില്‍ 'മുഖ്യമന്ത്രി പോരാട്ടത്തിനിടെ' ചെന്നിത്തലയ്ക്കായി പത്രപ്പരസ്യം; ഡിസിസി ഭാരവാഹിക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ചെന്നിത്തല അതൃപ്തി അറിയിച്ചതിന് പിന്നാലെ പ്രിജിന്‍ ബാബുവിനെതിരെ നടപടി വരുന്നു!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലി നേതാക്കളുടെ സൈബര്‍ പോരാട്ടങ്ങള്‍ തുടരവെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി പത്രപ്പരസ്യം നല്‍കിയ സംഭവത്തില്‍ ഡി.സി.സി. ഭാരവാഹിക്ക് കെ.പി.സി.സി.യുടെ കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം ഡി.സി.സി. ജനറല്‍ സെക്രട്ടറി എ. പ്രിജിന്‍ ബാബുവിനെതിരെയാണ് കടുത്ത അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഈ അടിയന്തര നടപടി.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ രമേശ് ചെന്നിത്തലയെ കുറിച്ച് 'ഫോക്കസ് ഫീച്ചര്‍' എന്ന നിലയില്‍ നല്‍കിയ മുഴുവന്‍ പേജ് പരസ്യമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് പരസ്യമായ അവകാശവാദങ്ങളോ പ്രസ്താവനകളോ പാടില്ലെന്ന് എ.ഐ.സി.സി.യും കെ.പി.സി.സി.യും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചുകൊണ്ട് പത്രത്തില്‍ ഫീച്ചര്‍ നല്‍കിയത് സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനലാണ് നോട്ടീസ് അയച്ചത്. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ പ്രിജിന്‍ ബാബുവിനെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകും.

കടുത്ത അച്ചടക്ക ലംഘനമാണ് നടന്നതെന്നും ഫീച്ചര്‍ നല്‍കിയതില്‍ വിശദീകരണം നല്‍കണമെന്നുമാണ് കെപിസിസി അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് എ പ്രിജിന്‍ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് കെപിസിസി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നല്‍കാത്ത പക്ഷം തുടര്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.

മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് സൈബറിടത്തില്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നതിനിടയിലാണ് ചെന്നിത്തലയെക്കുറിച്ച് ഞായറാഴ്ച പരസ്യ ഫീച്ചര്‍ വന്നത്. പ്രജിന്‍ബാബുവാണ് ഇത് നല്‍കിയതെന്ന് പത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫീച്ചര്‍ നല്‍കിയതില്‍ ചെന്നിത്തല അതൃപ്തിയറിയിച്ചിരുന്നു. വിവാദങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വഴിവെക്കുന്ന നടപടിയായിരുന്നുവെന്ന് ചെന്നിത്തല അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് അനാവശ്യചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. ഭാരവാഹിയോഗത്തില്‍ തീരുമാനിച്ചിരുന്നു. പിന്നാലെ ഫീച്ചര്‍ വന്നത് തന്റെ പേര് മോശമാക്കാനുള്ള പ്രചാരണത്തിന് വഴിവെക്കുന്നതാണെന്നാണ് ചെന്നിത്തല കണക്കാക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്ന് ചെന്നിത്തല നേരിട്ട് പ്രിജിന്‍ ബാബുവിനെ അറിയിച്ചതായാണ് വിവരം.

പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പോര് മുറുകുന്നു എന്ന സൂചനകള്‍ക്കിടെ വന്ന ഈ പത്രപ്പരസ്യം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കീഴ്ഘടകങ്ങളില്‍ നിന്നുള്ള ഇത്തരം ഏകപക്ഷീയമായ നീക്കങ്ങള്‍. വരും ദിവസങ്ങളില്‍ കെ.പി.സി.സി. സ്വീകരിക്കുന്ന നടപടികള്‍ കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!