
വിഴിഞ്ഞം: കോവളം കുഴിയംവിള കരിങ്കാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയെന്ന് ആരോപണം. വെങ്ങാനൂര്‍ നീലകേശി പഞ്ചാരവിളാകം സ്വദേശികളായ നവീന്‍രാജ് (32), സുഹൃത്ത് വിഷ്ണുദേവ് (30) എന്നിവര്‍ക്കാണ് കഴിഞ്ഞ 23 ന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ ആര്‍.കെ.എല്‍ റോഡില്‍ ശിവകൃപയില്‍ സച്ചിനെ(30)യാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ ഹംഗുണ്ണി എന്ന ഉണ്ണി, പ്രണവ് എന്ന പ്രദീപ്, വിപിന്‍ രാജ് എന്നിവര്‍ ഒളിവിലാണ്. ഇവരെ രക്ഷിക്കാന്‍ പോലീസ് ഒത്തു കളിക്കുന്നുവെന്നാണ് ആക്ഷേപം.
23ന് രാത്രി 10.30 ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പരിപാടി കാണാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെട്ടേറ്റവരുടെ സുഹൃത്തായ അരുണ്‍ ചന്ദ്രനും പ്രതികളിലൊരാളായ പ്രണവും തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇവരെ സ്ഥലത്തുനിന്ന് മാറ്റി അയച്ചെങ്കിലും പിന്നീട് സംഘടിച്ചെത്തിയ പ്രതികള്‍ അരുണ്‍ ചന്ദ്രനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നവീന്‍രാജിനും വിഷ്ണുദേവിനും വെട്ടേറ്റത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നവീന്‍രാജിന്റെ ഇടത് കൈക്കുഴയിലെ ഞരമ്പ് മുറിയുകയും, കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു.
കഴുത്തിന് നേരെയുള്ള വെട്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് കൈയ്ക്ക് പരുക്കേറ്റത്. നെഞ്ചിനുനേരെ വന്ന ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെയാണ് വിഷ്ണുദേവിന്റെ വയറിന് വെട്ടേറ്റത്. മദ്യലഹരിയില്‍ ഇരുസംഘങ്ങളും ഏറ്റുമുട്ടിയെന്നാണ് പോലീസിന്റെ ഭാഷ്യം. അറസ്റ്റിലായ സച്ചിന്‍ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണയ്ക്ക് 2020 ല്‍ ജയില്‍ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ആളാണ്.
പ്രധാന പ്രതികളായ വിപിന്‍ രാജും ഉണ്ണിയും കോവളം ബീച്ചില്‍ റെസ്റ്റോറന്റുകള്‍ നടത്തുന്നവരാണ്. വിപിന്‍ രാജ് 'ബീച്ച് സംരക്ഷണ സമിതി'യില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനവും ഇവര്‍ക്കുണ്ടെന്ന് പറയുന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന ഇവര്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒപ്പമായിരുന്നു.
ഹാര്‍ബര്‍ റോഡില്‍ നിന്നും പീക്കോക്ക് റോഡിലേക്ക് പോകുന്ന വഴിയിലുള്ള കുഴിയംവിള ക്ഷേത്രത്തിലെ ഉത്സവ സമയത്താണ് ആസൂത്രിതമായ അക്രമം നടന്നത്. കോവളം ബീച്ചില്‍ സര്‍ഫിങ് ക്ലാസ്സുകള്‍ എടുക്കുന്ന അരുണ്‍ ചന്ദ്രനോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഉണ്ണിയും പ്രണവും ചേര്‍ന്ന് അരുണ്‍ ചന്ദ്രനെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ സുഹൃത്തായ നവീന്‍ രാജിന് കൈക്ക് വെട്ടേറ്റു. ഇത് കണ്ടുനിന്ന അരുണ്‍ ചന്ദ്രന്റെയും നവീന്‍ രാജിന്റെയും സുഹൃത്തായ വിഷ്ണുദേവ് പിടിച്ചുമാറ്റാന്‍ വന്നപ്പോഴാണ് അദ്ദേഹത്തിനും നെഞ്ചിലും വയറിലും ആയുധം കൊണ്ടുള്ള മാരകമായ പരുക്കേറ്റത്. ലഹരിമാഫിയയ്ക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് അരുണ്‍ ചന്ദ്രനെ ലക്ഷ്യമിട്ടത എന്നാണ് വെട്ടേറ്റവര്‍ പറയുന്നത്.
പരുക്കേറ്റവര്‍ ചികിത്സയ്ക്കായി വിഴിഞ്ഞം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതികള്‍ അവിടെയുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതികളിലൊരാളായ സച്ചിനെ ഇതിനിടെ ബോധരഹിതനായി ഇവിടെ കൊണ്ടു വന്നിരുന്നു. ഇവിടെ വച്ചും നവീന്‍ രാജിന്റെ സുഹൃത്തുക്കളുമായി സംഘര്‍ഷം ഉണ്ടായി. മെഡിക്കല്‍ കോളേജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്യാമ്പില്‍ നിന്നും പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
പ്രധാന പ്രതികള്‍ക്കും കണ്ടാലറിയാവുന്ന മറ്റു പ്രതികള്‍ക്കും എതിരേ അന്വേഷണം ഊര്‍ജ്ജിതമാക്കി വധശ്രമത്തിന് കേസെടുക്കണമെന്നാണ് ആക്രമണത്തിന് ഇരയായവരുടെ ആവശ്യം. കോവളം ബീച്ചിലെ ലഹരി പെണ്‍വാണിഭ മാഫിയയെക്കുറിച്ചും കുഴിയംവിള ക്ഷേത്ര പരിസരത്തെ അക്രമത്തെക്കുറിച്ചും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇവര്‍ പറയുന്നു.
