BoolokamBoolokam

ക്രൂഡ് ഓയില്‍ ബാരലിന് 120 ഡോളറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലയിലും ഉടന്‍ മാറ്റമുണ്ടായേക്കാം; പശ്ചിമേഷ്യന്‍ കനല്‍ അടുക്കളകളിലേക്ക്; വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി, ഹോട്ടല്‍ ഭക്ഷണത്തിന് വിലയേറും

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ പാചകവാതക വിലയില്‍ വന്‍ വര്‍ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ധനവിലയും വൈകാതെ വര്‍ധിച്ചേക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

കൊച്ചിയില്‍ 3085 രൂപ; റെക്കോര്‍ഡ് വര്‍ധന

പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയില്‍ സിലിണ്ടറിന് 3085 രൂപയാകും. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമാണ് പുതിയ വില. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടുന്നത്. നിലവില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്നത് മാത്രമാണ് ആശ്വാസം.

ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

വാണിജ്യ സിലിണ്ടറുകളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ തളര്‍ത്തും. പ്രവര്‍ത്തനച്ചെലവ് കുത്തനെ ഉയരുന്നതോടെ ഭക്ഷണസാധനങ്ങള്‍ക്ക് വില കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കുന്നു. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും താളം തെറ്റിക്കും. ക്രൂഡ് ഓയില്‍ ബാരലിന് 120 ഡോളറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലയിലും ഉടന്‍ മാറ്റമുണ്ടായേക്കാം. പ്രീമിയം പെട്രോളിന് ഇതിനോടകം തന്നെ വില കൂട്ടിയിട്ടുണ്ട്.

ഗ്യാസ് ബുക്കിംഗില്‍ നിയന്ത്രണം; ഇനി ഒടിപി നിര്‍ബന്ധം

വില വര്‍ധനവിനൊപ്പം ഗ്യാസ് വിതരണത്തില്‍ മെയ് ഒന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വന്നു.

ദിവസപരിധി കൂട്ടി: നഗരപ്രദേശങ്ങളില്‍ ഇനി 25 ദിവസത്തിലൊരിക്കല്‍ മാത്രമേ സിലിണ്ടര്‍ ബുക്ക് ചെയ്യാനാകൂ. ഗ്രാമപ്രദേശങ്ങളില്‍ ഇത് 45 ദിവസമാണ്.

OTP നിര്‍ബന്ധം: ഗ്യാസ് സിലിണ്ടര്‍ കൈപ്പറ്റുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (DAC) നല്‍കണം. ബ്ലൂ ബുക്കോ രസീതോ മാത്രം കാണിച്ച് ഇനി സിലിണ്ടര്‍ വാങ്ങാനാവില്ല.

ദുരുപയോഗം തടയാനും വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാനുമാണ് എണ്ണക്കമ്പനികളുടെ ഈ നീക്കം. എന്നാല്‍ പെട്ടെന്നുണ്ടായ ഈ മാറ്റങ്ങള്‍ ഉപഭോക്താക്കളെ വലയ്ക്കുമെന്നുറപ്പാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!