BoolokamBoolokam

ക്ലിനിക്കിന്റെ പ്രമോഷന് വന്ന സോഷ്യല്‍ മീഡിയ സുന്ദരി സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണി; യുവവ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത ഇന്‍ഫ്‌ലുവന്‍സര്‍ പോലീസിന്റെ വലയില്‍

ബെംഗളൂരു: സോഷ്യല്‍ മീഡിയയിലെ താരപരിവേഷം മറയാക്കി യുവ വ്യവസായയെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവത്തില്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു സ്വദേശി സാധന ഷെട്ടിക്കെതിരെയാണ് കോസ്മെറ്റിക് ക്ലിനിക് ഉടമയായ വി. കാര്‍ത്തിക്കിന്റെ പരാതിയില്‍ ജയനഗര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രൊഫഷണല്‍ ബന്ധത്തെ ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും കുടുംബജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

തന്റെ ക്ലിനിക്കിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിക് സാധന ഷെട്ടിയെ സമീപിക്കുന്നത്. ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലുള്ള ബന്ധം പിന്നീട് സൗഹൃദമായി മാറി. ഈ അടുപ്പം മുതലെടുത്ത് കാര്‍ത്തിക്കിന്റെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സാധന രഹസ്യമായി കൈക്കലാക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും കുടുംബത്തിന് കൈമാറുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് തട്ടിപ്പ് നടത്തിയത്.

ആരോപണവിധേയയായ സാധന ഷെട്ടി കാര്‍ത്തിക്കില്‍ നിന്ന് വന്‍തുകയും ആഡംബര വസ്തുക്കളും കൈക്കലാക്കിയതായി പോലീസ് പറയുന്നു. അഞ്ച് ലക്ഷം രൂപ ഓണ്‍ലൈന്‍ വഴിയും അഞ്ച് ലക്ഷം രൂപ നേരിട്ടും നല്‍കി. 30,000 രൂപയുടെ സ്വര്‍ണ മോതിരവും 70,000 രൂപയുടെ സ്വര്‍ണ മാലയും വാങ്ങി. ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോണും കൈക്കലാക്കി. ഇത്രയും നല്‍കിയിട്ടും ഭീഷണി അവസാനിച്ചില്ലെന്ന് കാര്‍ത്തിക് പരാതിയില്‍ പറയുന്നു. ഒന്നര കോടി രൂപ കൂടി നല്‍കണമെന്നായിരുന്നു ഒടുവിലത്തെ ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

ആവശ്യപ്പെട്ട തുക നല്‍കാന്‍ സാധിക്കാതെ വന്നതോടെ സാധന ഷെട്ടി ദൃശ്യങ്ങള്‍ കാര്‍ത്തിക്കിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. ഇതോടെ കാര്‍ത്തിക്കിന്റെ കുടുംബജീവിതത്തില്‍ വലിയ വിള്ളലുകള്‍ വീഴുകയും മാനസികമായി തകരുകയും ചെയ്തു. ഇനിയും നിശബ്ദനായി ഇരുന്നാല്‍ കൂടുതല്‍ അപകടമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് യുവാവ് പോലീസിനെ സമീപിച്ചത്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള വ്യക്തിയില്‍ നിന്ന് ഇത്തരമൊരു ക്രിമിനല്‍ നടപടി ഉണ്ടായത് ബെംഗളൂരുവിലെ സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!