BoolokamBoolokam

ഗാസയിലും വെസ്റ്റ് ബാങ്കിലും പിടിമുറുക്കാന്‍ വീണ്ടും ഹമാസിന്റെ നീക്കം; ഹനിയ്യയ്ക്കും സിന്‍വറിനും പിന്‍ഗാമിയെ തേടി ഭീകര സംഘടന; ഇസ്രായേലിന്റെ കണ്ണുവെട്ടിച്ച് രഹസ്യ വോട്ടെടുപ്പ്; ഖലീല്‍ അല്‍ ഹയ്യയും ഖാലിദ് മഷാലും നേര്‍ക്കുനേര്‍; ഖത്തറിലിരുന്ന് അഞ്ചംഗ സംഘം നയിക്കുന്ന സംഘടന കരുത്താര്‍ജ്ജിക്കുമോ? ആശങ്കയില്‍ മിഡില്‍ ഈസ്റ്റ്

ഗാസ: പലസ്തീനിലെ ഇസ്ലാമിക സായുധ സംഘടനയായ ഹമാസിന്റെ പുതിയ നേതൃത്വത്തിലേക്കുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടപടികള്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ വിദേശ ഘടകങ്ങളിലെ വോട്ടെടുപ്പ് പിന്നീട് നടക്കുമെന്നാണ് വിവരം. ഹമാസിന്റെ ഭാവി രാഷ്ട്രീയ ഗതിയെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കാന്‍ സാധ്യതയുള്ള ഒരു പ്രക്രിയയായാണ് ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഹമാസിനെ സംബന്ധിച്ചിടത്തോളം ഇത്തരം തെരഞ്ഞെടുപ്പ് സാധാരണയായി അതീവ രഹസ്യസ്വഭാവമുള്ളതും സങ്കീര്‍ണ്ണമായതുമായ ഒരു പ്രക്രിയയാണ്. പൊതുജനങ്ങള്‍ക്കോ, മാധ്യമങ്ങള്‍ക്കോ യാതൊരുവിധ വിശദാംശങ്ങളും നല്‍കാതെയാണ് ഈ വോട്ടെടുപ്പുകള്‍ നടത്തുന്നത്. സംഘടനയുടെ നയരൂപീകരണ സമിതിയായ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്കും വിവിധ പ്രാദേശിക സമിതികളിലേക്കുമുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. ഗാസ, വെസ്റ്റ് ബാങ്ക്, പ്രവാസ ലോകം എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലായാണ് ഹമാസിന്റെ നേതൃത്വ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ ഓരോ മേഖലയ്ക്കും അതിന്റേതായ നേതൃത്വവും പ്രതിനിധികളുമുണ്ട്,

ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് രണ്ട് പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹമാസിന്റെ പ്രധാന ചര്‍ച്ചാ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന നിലവിലെ ഗാസ പൊളിറ്റ്ബ്യൂറോ മേധാവി ഖലീല്‍ അല്‍-ഹയ്യ ആണ് ഒരാള്‍. മുതിര്‍ന്ന നേതാവാണ് ഖാലിദ് മഷാലാണ് മറ്റൊരാള്‍.

2024 ജൂലൈയില്‍ ടെഹ്റാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് ശേഷം ഹമാസിന് തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവില്ല. 2021-ലായിരുന്നു ഹനിയ്യ രണ്ടാമതും തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വധത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടത്താതെ തന്നെ ഗാസയിലെ ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥനായ യഹിയ സിന്‍വര്‍ നേതൃത്വം ഏറ്റെടുക്കുമെന്ന് ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിന്റെ സൂത്രധാരനായി കരുതപ്പെടുന്ന സിന്‍വര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് മാസം മാത്രമാണ് നേതാവായി സേവനമനുഷ്ഠിച്ചത്. സിന്‍വറിന്റെ മരണശേഷം, ഹമാസ് ഔദ്യോഗികമായി ഒരു പിന്‍ഗാമിയെയോ താല്‍ക്കാലിക നേതാവിനെയോ തെരഞ്ഞെടുത്തിട്ടില്ല. പകരം ഗാസയ്ക്ക് പുറത്ത്, പ്രധാനമായും ഖത്തറിലും തുര്‍ക്കിയിലും താമസിക്കുന്ന അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ ഒരു സംഘമാണ് നിലവില്‍ ഹമാസിനെ നയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി ഹമാസ് ഓരോ നാല് വര്‍ഷം കൂടുമ്പോഴുമാണ് നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താറുള്ളത്. എന്നാല്‍ 2025-ല്‍ നടക്കേണ്ടിയിരുന്ന ഏറ്റവും പുതിയ വോട്ടെടുപ്പ് യുദ്ധം കാരണം വൈകുകയായിരുന്നു. യുദ്ധത്തിനിടയില്‍, ഈ ഗ്രൂപ്പിന്റെ ഭൂരിഭാഗം മുതിര്‍ന്ന രാഷ്ട്രീയ-സൈനിക കമാന്‍ഡര്‍മാരെയും ഇസ്രായേല്‍ വധിച്ചിരുന്നു. അതീവ രഹസ്യമായാണ് ഈ തിരഞ്ഞെടുപ്പുകള്‍ നടക്കാറുള്ളത്. ഇസ്രായേലിന്റെ നിരീക്ഷണങ്ങളില്‍ നിന്ന് തങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവിടാതെ ഹമാസ് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. ഇസ്രായേലുമായുള്ള സംഘര്‍ഷങ്ങള്‍ മറ്റ് അറബ് രാജ്യങ്ങളുമായുള്ള ഹമാസിന്റെ നയതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നത് ഉറ്റുനോക്കപ്പെടുന്നു. ഹമാസിന്റെ നയങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ പുതിയ നേതൃത്വത്തിന് കഴിഞ്ഞേക്കുമെന്നും, ഇത് മേഖലയിലെ സമാധാന ശ്രമങ്ങളെയും സംഘര്‍ഷാവസ്ഥയെയും സ്വാധീനിച്ചേക്കാമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!