BoolokamBoolokam

ഗുജറാത്തില്‍ ബസും വാനും കൂട്ടിയിച്ചു; കാറ്ററിങ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

സബര്‍കാന്ത: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ വാഹനാപകടത്തില്‍ ഒരു കാറ്ററിങ് സംഘത്തിലെ ആറ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 48-ല്‍ ഷാംലാജി - ഹിമ്മത്‌നഗര്‍ റൂട്ടില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് വാനിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ തൊഴിലാളികളുടെ മരണവാര്‍ത്ത ഗുജറാത്ത് ഗ്രാമങ്ങളെ വിലാപത്തിലാഴ്ത്തിയിരിക്കുകയാണ്.

അരവല്ലി ജില്ലയിലെ മോഡാസയില്‍ നിന്ന് ഹിമ്മത്‌നഗറിന് അടുത്തുള്ള ഹുഞ്ച് ഗ്രാമത്തിലെ ഒരു സാമൂഹിക ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു കാറ്ററിങ് സംഘം. ഹിമ്മത്‌നഗര്‍ ഹൈവേയിലെ ജസ്വന്ത്ഗഡ് പാട്ടിയയ്ക്ക് സമീപം വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് വാനിന്റെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. വാനിലുണ്ടായിരുന്ന ആറ് സ്ത്രീകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.കെ. പട്ടേല്‍ അറിയിച്ചു.

അപകടത്തില്‍ വാന്‍ ഡ്രൈവറും മറ്റ് ഏഴ് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ഹിമ്മത്‌നഗറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ധ്രുപദ് ചൗഹാന്‍ വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയാണ് തകര്‍ന്ന വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുജറാത്തില്‍ ബസും വാനും കൂട്ടിയിച്ചു; കാറ്ററിങ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം - Marunadan Malayali | Boolokam