
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ദര്‍ശന ക്രമീകരണങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ദേവസ്വം ഭരണസമിതി ആലോചിക്കുന്നു. നിലവില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക ദര്‍ശന സൗകര്യം 70 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യമാണ് ദേവസ്വത്തിന്റെ സജീവ പരിഗണനയിലുള്ളത്. ക്ഷേത്രനഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന രാജ്യാന്തര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അടുത്ത ദിവസം ആരംഭിക്കും.
നിലവില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പുലര്‍ച്ചെയും വൈകിട്ടും 4:30 മുതല്‍ ഒന്നര മണിക്കൂര്‍ പ്രത്യേക ക്യൂ സൗകര്യമുണ്ട്. എന്നാല്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രായപരിധി 70 ആക്കി ഉയര്‍ത്താനാണ് ആലോചന. രാവിലെ അനുവദിച്ചിട്ടുള്ള ദര്‍ശന സമയം 9 മണിക്ക് ശേഷമാക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. ശാരീരിക അവശതയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിലവിലുള്ള മുന്‍ഗണനാ ദര്‍ശനം തുടരും. ഇവര്‍ ഗോപുരം മാനേജറെ സമീപിച്ചാല്‍ ദര്‍ശനത്തിനുള്ള സഹായം ലഭിക്കും.
ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കുമ്പോള്‍ തന്നെ വഴിപാട്, പ്രസാദ കൗണ്ടറുകള്‍ തുറക്കാനും തീരുമാനിച്ചു. നേരത്തെ 5 മണിക്കായിരുന്നു കൗണ്ടറുകള്‍ തുറന്നിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പരീക്ഷണാടിസ്ഥാനത്തില്‍ 3 മണിക്ക് കൗണ്ടറുകള്‍ തുറന്നത് ഭക്തര്‍ക്ക് വലിയ ആശ്വാസമായതോടെയാണ് ഈ മാറ്റം സ്ഥിരമാക്കാന്‍ തീരുമാനിച്ചത്. രാത്രി കൃഷ്ണനാട്ടം കാണാന്‍ എത്തുന്നവര്‍ക്കും കളി കഴിഞ്ഞ് വേഗത്തില്‍ പ്രസാദം വാങ്ങി മടങ്ങാന്‍ പുതിയ ക്രമീകരണം സഹായിക്കുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിനായി സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. രാജ്യത്തെ പ്രമുഖ ക്ഷേത്രനഗരങ്ങള്‍ രൂപകല്‍പ്പന ചെയ്ത പരിചയസമ്പന്നരായ ഏജന്‍സികളെ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനം. നേരത്തെ ചില ഏജന്‍സികള്‍ സമര്‍പ്പിച്ച പദ്ധതി രേഖകള്‍ ഭരണസമിതിക്ക് തൃപ്തികരമാകാത്തതിനാലാണ് പുതിയ നടപടി. ക്ഷേത്രത്തിലെ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നത് പൂര്‍ണ്ണമായും ബയോമെട്രിക് പഞ്ചിങ് വഴിയാക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
ദര്‍ശന ക്രമീകരണങ്ങളിലെ മാറ്റം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിനും പുതിയ പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണെന്നാണ് ദേവസ്വം അധികൃതരുടെ വിലയിരുത്തല്‍.
