
ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ മായാവലയത്തില്‍ കുടുങ്ങി പോലീസുകാരനും ബാങ്ക് ഉദ്യോഗസ്ഥനും ലക്ഷങ്ങള്‍ നഷ്ടമായി. മകള്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പോലീസ് ഉദ്യോഗസ്ഥന് പത്തരലക്ഷത്തോളം രൂപ നഷ്ടമായപ്പോള്‍, വന്‍ ലാഭം കൊയ്യാമെന്ന വ്യാമോഹത്തില്‍ ബാങ്ക് ജീവനക്കാരന് കൈവിട്ടുപോയത് 25 ലക്ഷം രൂപയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം രണ്ട് കേസുകളിലായി 34 ലക്ഷത്തിലധികം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
പുന്നപ്ര തെക്ക് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് സ്വന്തം മകളുടെ ജോലിക്കായി പണം നല്‍കി ചതിക്കപ്പെട്ടത്. ബന്ധു വഴി പരിചയപ്പെട്ട കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി സ്മിതയാണ് ഈ വന്‍ തട്ടിപ്പിന് പിന്നില്‍. താന്‍ ഖത്തര്‍ വിമാന സര്‍വീസില്‍ എച്ച്.ആര്‍ മാനേജരാണെന്ന് വിശ്വസിപ്പിച്ച ഇവര്‍, മകള്‍ക്ക് അവിടെ അസിസ്റ്റന്റ് എച്ച്.ആര്‍ ആയി ജോലി നല്‍കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.
വിശ്വാസം പിടിച്ചുപറ്റിയ പ്രതി വിവിധ ഘട്ടങ്ങളിലായി 9,56,500 രൂപയാണ് തട്ടിയെടുത്തത്. 2025 ജൂലൈ മുതല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കായിരുന്നു പണം കൈമാറിയിരുന്നത്. ഇതിനിടെ പ്രതിയുടെ അമ്മയ്ക്ക് നേരിട്ട് മൂന്ന് ലക്ഷം രൂപയും കൈമാറി. പണവും ജോലിയും ലഭിക്കില്ലെന്ന് ഉറപ്പായതോടെ പോലീസ് ഉദ്യോഗസ്ഥന്‍ സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പോലീസ് വലവിരിച്ചു കഴിഞ്ഞു.
മുതുകുളം സ്വദേശിയായ ബാങ്ക് ജീവനക്കാരനാണ് ഓണ്‍ലൈന്‍ ടാസ്‌ക് തട്ടിപ്പിന്റെ ഇരയായത്. ടെലിഗ്രാം വഴി പരിചയപ്പെട്ട തട്ടിപ്പ് സംഘം 'ഹോട്ടല്‍ ടുനൈറ്റ്' എന്ന കമ്പനിയുടെ പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ചു. ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്യുന്ന ഓണ്‍ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ വന്‍ തുക സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ 21 തവണയായി 25,02,572 രൂപയാണ് ഇദ്ദേഹം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചത്. നിക്ഷേപിച്ച തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്നതിനാല്‍ പരാതി നല്‍കാന്‍ വൈകുകയായിരുന്നു. ഒടുവില്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ സൈബര്‍ പോലീസിനെ സമീപിച്ചു.
