BoolokamBoolokam

ചിരിയും കളിയും സെക്കന്റുകൾക്കുള്ളിൽ നിലവിളിയായി; 29 പേർക്ക് അനുമതിയുള്ള ബോട്ടിൽ 40-ലധികം വിനോദസഞ്ചാരികൾ; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു; സുരക്ഷാ വീഴ്ചകൾ തുറന്ന് കാട്ടി ബോട്ടിനുള്ളിലെ ദൃശ്യങ്ങൾ; ബർഗി ഡാമിലുണ്ടായ ബോട്ട് ദുരന്തത്തിൽ സർക്കാർ നടപടി കടുപ്പിക്കുമ്പോൾ

ജബൽപൂർ: മധ്യപ്രദേശിലെ വിനോദസഞ്ചാര മേഖലയെ നടുക്കിയ ബർഗി ഡാമിലുണ്ടായ ബോട്ട് ദുരന്തത്തിന്റെ അവസാന നിമിഷങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ ദയനീയമായ തകർച്ച വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങൾ. യാത്രക്കാർ ചിരിച്ചും കളിച്ചും ഇരിക്കുന്നതിനിടെ പെട്ടെന്ന് വെള്ളം ബോട്ടിനുള്ളിലേക്ക് ഇരച്ചുകയറുന്നതാണ് വീഡിയോയിലുള്ളത്. നിമിഷങ്ങൾക്കകം സന്തോഷം നിലവിളികൾക്ക് വഴിമാറി. ബോട്ട് മുങ്ങിത്തുടങ്ങിയതിന് ശേഷം മാത്രമാണ് ലൈഫ് ജാക്കറ്റുകൾ അഴിക്കാൻ പോലും ജീവനക്കാർ തയ്യാറായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പല യാത്രക്കാരും അടച്ചുപൂട്ടിയ ബോക്സുകളിൽ നിന്ന് ലൈഫ് ജാക്കറ്റുകൾ എടുക്കാൻ പാടുപെടുകയായിരുന്നു. ബർഗി ഡാം ദുരന്തത്തിൽ അധികൃതർ സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തിയതായി വ്യക്തമാണ്. ഇൻലാൻഡ് വെസൽസ് ആക്ട് (2021) പ്രകാരം ഓരോ യാത്രക്കാരനും ലൈഫ് ജാക്കറ്റ് നൽകണമെന്നും അത് കൃത്യമായി ധരിക്കണമെന്നും നിർബന്ധമാണെങ്കിലും ഇവിടെ ആ നിയമം ഗുരുതരമായി ലംഘിക്കപ്പെട്ടു. 29 യാത്രക്കാർക്ക് മാത്രം അനുമതിയുള്ള ബോട്ടിൽ 40-ലധികം വിനോദസഞ്ചാരികളെ കയറ്റി അമിതഭാരവുമായാണ് ക്രൂസ് സഞ്ചരിച്ചത്.

കൂടാതെ, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' മുന്നറിയിപ്പ് നൽകിയിരുന്നിട്ടും, അത് അവഗണിച്ചുകൊണ്ട് ബോട്ടിന് യാത്ര തുടരാൻ അധികൃതർ അനുമതി നൽകുകയും ചെയ്തു. രക്ഷാപ്രവർത്തകർ കണ്ടെടുത്ത മൃതദേഹങ്ങളിൽ മറീന മാസിയും നാല് വയസ്സുകാരൻ മകൻ തൃഷാനും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. മരണത്തിലും ആ അമ്മ തന്റെ കുഞ്ഞിനെ വിട്ടുനൽകിയിരുന്നില്ല.

അപകടം നടക്കുമ്പോൾ അനങ്ങാതെ ഇരിക്കാൻ ജീവനക്കാർ പറഞ്ഞതല്ലാതെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് മറീനയുടെ ഭർത്താവ് പ്രദീപ് മാസി വെളിപ്പെടുത്തി. വൈകുന്നേരം 6.15-ന് സന്ദേശം ലഭിച്ചെങ്കിലും ഔദ്യോഗിക രക്ഷാസംഘം എത്താൻ വൈകി. ഇവർ പോകാനിരുന്ന വാഹനം സ്റ്റാർട്ട് ആകാത്തതും തിരിച്ചടിയായി. ഈ കാലതാമസത്തിനിടയിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളും കർഷകരുമാണ് 15-ലധികം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ബർഗി ഡാം ദുരന്തത്തിന് പിന്നാലെ കടുത്ത നടപടികളുമായി സർക്കാർ രംഗത്തെത്തി. സംഭവത്തെത്തുടർന്ന് മധ്യപ്രദേശിലെ മുഴുവൻ ക്രൂസ്, മോട്ടോർ ബോട്ട് സേവനങ്ങളും വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് റദ്ദാക്കി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രൂസ് പൈലറ്റ് മഹേഷ് പട്ടേൽ, സഹായി ഛോട്ടേലാൽ ഗോണ്ട്, ടിക്കറ്റ് കൗണ്ടർ ഇൻ-ചാർജ് ബ്രിജേന്ദ്ര എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

കൂടാതെ, ഹോട്ടൽ മൈക്കൽ റിസോർട്ട് ആൻഡ് ബോട്ട് ക്ലബ് ബർഗി മാനേജർ സുനിൽ മരാവിയെ സസ്‌പെൻഡ് ചെയ്യുകയും റീജിയണൽ മാനേജർ സഞ്ജയ് മൽഹോത്രയെ വകുപ്പുതല അന്വേഷണം തീരുന്നതുവരെ ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനും സുരക്ഷാ വീഴ്ചകൾ പരിശോധിക്കാനും ഹോം ഗാർഡ് ഡിജി ഉൾപ്പെട്ട ഉന്നതതല അന്വേഷണ സമിതിക്ക് സർക്കാർ രൂപം നൽകി. അപകടത്തിൽ ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്ന് കുട്ടികളടക്കം നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചിരിയും കളിയും സെക്കന്റുകൾക്കുള്ളിൽ നിലവിളിയായി; 29 പേർക്ക് അനുമതിയുള്ള ബോട്ടിൽ 40-ലധികം വിനോദസഞ്ചാരികൾ; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു; സുരക്ഷാ വീഴ്ചകൾ തുറന്ന് കാട്ടി ബോട്ടിനുള്ളിലെ ദൃശ്യങ്ങൾ; ബർഗി ഡാമിലുണ്ടായ ബോട്ട് ദുരന്തത്തിൽ സർക്കാർ നടപടി കടുപ്പിക്കുമ്പോൾ - Marunadan Malayali | Boolokam