
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ വീശിയടിച്ച രാഷ്ട്രീയ കൊടുങ്കാറ്റില്‍ താമസ സ്ഥലവും ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് നഷ്ടം. വിശ്വസ്തരായ ഏഴ് രാജ്യസഭാംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടി വിട്ടതോടെ കേജ്രിവാളിന് നഷ്ടമായത് വസതി കൂടിയാണ്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ശേഷം താമസിച്ച് വന്നിരുന്ന രാജ്യസഭാംഗം അശോക് മിത്തലിന്റെ വസതിയില്‍ നിന്നും കേജ്രിവാളിനും കുടുംബത്തിനും വെള്ളിയാഴ്ച പടിയിറങ്ങേണ്ടി വന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സിവില്‍ ലൈന്‍സിലെ ആഡംബര ബംഗ്ലാവായിരുന്ന '6 ഫ്‌ലാഗ്സ്റ്റാഫ് റോഡ്' കേജ്രിവാള്‍ ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് പാര്‍ട്ടി എംപിയായ അശോക് മിത്തലിന്റെ ഫിറോസ് ഷാ റോഡിലെ വസതിയിലേക്കായിരുന്നു താമസം മാറിയത്. എന്നാല്‍, വെള്ളിയാഴ്ച അശോക് മിത്തല്‍ ഉള്‍പ്പെടെയുള്ള ഏഴ് എംപിമാര്‍ കൂറുമാറിയതോടെ സാങ്കേതികമായി ആ വീട്ടില്‍ തുടരാന്‍ കേജ്രിവാളിന് കഴിയാതെയായി. ഇതോടെ ലോധി റോഡിലെ 95-ാം നമ്പര്‍ ടൈപ്പ് 2 സര്‍ക്കാര്‍ ബംഗ്ലാവിലേക്ക് അദ്ദേഹം താമസം മാറ്റി. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് ഈ ചെറിയ വസതി അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്.
പുതിയ വീട്ടിലേക്ക് മാറിയെങ്കിലും കേജ്രിവാളിനെ വേട്ടയാടി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ കോടികള്‍ ചിലവഴിച്ചതിനെ ബിജെപി 'ശീഷ്മഹല്‍' (ചില്ലുകൊട്ടാരം) എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ലോധി റോഡിലെ സാധാരണ ബംഗ്ലാവും സ്വകാര്യ പണം ഉപയോഗിച്ച് ആഡംബരമായി മോടിപിടിപ്പിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം
