
കണ്ണൂര്‍: കനത്ത വേനല്‍ച്ചൂടില്‍ മാളങ്ങള്‍ വെന്തുരുകിയതോടെ തണുപ്പു തേടി വിഷപ്പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണം ആറായി. കണ്ണൂരില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചതാണ് ഒടുവിലത്തെ സംഭവം. വീടിനകത്തും കുളിമുറികളിലും വരെ പാമ്പുകള്‍ എത്തുന്നതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് മുതുകുടയിലെ നബീസ (75) പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയെ ശംഖുവരയന്‍ കടിച്ചത്. കുട്ടനാട് വൈശ്യംഭാഗത്ത് ടോയ്ലറ്റിനു മുന്നില്‍ വച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ ഇന്ദിരയുടെ (65) വിയോഗവും നാടിനെ നടുക്കിയിരുന്നു. കായംകുളത്ത് 15കാരി പാമ്പുകടിയേറ്റു ചികിത്സയിലാണ്. തൃശൂരില്‍ എട്ടു വയസ്സുകാരന്‍ ആല്‍ജോ, ചിറയിന്‍കീഴില്‍ ദീക്ഷല്‍ ദിലീപ് (8), കായംകുളത്ത് സെലീന (42) എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പു കടിയേറ്റ് മരിച്ചു.
ചെറായിയിലെ റിസോര്‍ട്ടിലെത്തിയ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിള (38) ഇന്നലെ രാവിലെയാണ് പാമ്പുകടിയേറ്റു ചികിത്സ തേടിയത്. കൊല്ലം രാമന്‍കുളങ്ങരയില്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ സുദേവന്‍ എന്നയാള്‍ക്കും കടിയേറ്റു. ഇവര്‍ മാഞ്ഞാലിയിലെയും കൊല്ലത്തെയും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.
