
കോഴിക്കോട്: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ രമേശ് ചെന്നിത്തലയെയോ പി.കെ. കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാക്കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ (കെഡിഎഫ്). കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രനാണ് യുഡിഎഫ് നേതൃത്വത്തോടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടും ഈ ആവശ്യം ഉന്നയിച്ചത്. ഭരണരംഗത്ത് മികച്ച കഴിവ് തെളിയിച്ചവരാണ് ഇരുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ അധികാര കേന്ദ്രങ്ങളില്‍ നിന്നും മുസ്ലിം വിഭാഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കാവുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കും പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നതെന്ന് പി. രാമഭദ്രന്‍ പറഞ്ഞു. മുസ്ലിം സഹവര്‍ത്തിത്വവും മതേതര മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അത്തരമൊരു ആര്‍ജ്ജവം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നാണ് കെഡിഎഫിന്റെ നിലപാട്. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനം ശരിയാണ്. അതിനാല്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം ദേശീയ തലത്തില്‍ തന്നെ തുടരണമെന്നും രാമഭദ്രന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിവുള്ള നേതാവാണെന്നും അദ്ദേഹം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യണമെന്നുമാണ് കേരളീയര്‍ ആഗ്രഹിക്കുന്നത്. സതീശന്‍ വനവാസത്തിന് പോകണമെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും ആഗ്രഹിക്കില്ല. അതേസമയം, അധികാരത്തില്‍ വരുന്ന മുന്നണി ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ മന്ത്രിസ്ഥാനങ്ങള്‍ നല്‍കണമെന്നും, അല്ലാത്തപക്ഷം കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെഡിഎഫ് മുന്നറിയിപ്പ് നല്‍കി.
യുഡിഎഫിനുള്ളില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നതിനിടെ ദളിത് സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ ഈ പരസ്യ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
