BoolokamBoolokam

ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; വടക്കുംനാഥനെ വണങ്ങി ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ്; മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് മധുരമേറും; പൂരപ്രേമികളെ ഹരംകൊള്ളിക്കാന്‍ ചെമ്പട മേളവും; പൂരാവേശത്തിന്റെ വിസ്മയക്കാഴ്ചകളില്‍ നിറഞ്ഞ് തൃശൂര്‍

തൃശൂര്‍: വേനല്‍ച്ചൂടിന്റെ പാരമ്യത്തിലും തൃശൂര്‍ നഗരിയില്‍ കൊട്ടിക്കയറി പൂരാവേശം. ഘടകപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥന്റെ സന്നിധിയിലേക്ക് എത്തിന്നതോടെ പൂരനഗരി ഉത്സവലഹരിയില്‍ അമര്‍ന്നു. 'ഈ ചൂടൊന്നും ഒരു ചൂടല്ല, ഇത് പൂരത്തിന്റെ ചൂടാണ്' എന്നാണ് പൂരപ്രേമികള്‍ ആവേശത്തോടെ പ്രതികരിക്കുന്നത്. മഞ്ഞും വെയിലും മഴയുമേല്‍ക്കാതെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടതോടെ ശക്തന്റെ തട്ടകം പൂരദിനത്തിലേക്ക് ഉണര്‍ന്നത്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ വേദന ഉള്ളിലൊതുക്കിയാണ് ഇത്തവണത്തെ പൂരം. ആഘോഷങ്ങളും ആഡംബരങ്ങളും വെട്ടിക്കുറച്ച് തൃശൂര്‍ ഈ പൂരം ആഘോഷിക്കും. ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരന്‍ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്നതിന്റെ ഉച്ചിയിലെത്തുകയാണ്.

വടക്കുന്നാഥ ക്ഷേത്രസന്നിധിയിലേക്ക് രാവിലെ മുതല്‍ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പു തുടങ്ങി. കണിമംഗലം ശാസ്താവാണ് വടക്കുന്നാഥനിലേക്ക് ആദ്യമെത്തിയ ഘടകപൂരം. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് ക്ഷേത്രങ്ങളിലെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വിധിപ്രകാരം കാണാനെത്തി. മേളാരവവും ഗജവീരന്മാരും അകമ്പടിയായി. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് കാണാന്‍ വന്‍ ജനസഞ്ചയമാണ് തടിച്ചുകൂടിയത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നടയിലൂടെ തലയുയര്‍ത്തി രാമന്‍ പുറത്തേക്ക് വന്ന നിമിഷം പൂരപ്രേമികള്‍ക്ക് വികാരനിര്‍ഭരമായ അനുഭവമായി. രാമന്‍ വെറുമൊരു ആനയല്ല, തങ്ങളുടെ വികാരമാണെന്നാണ് ആരാധകര്‍ പറയുന്നത്. 326 സെന്റീമീറ്റര്‍ ഉയരമുള്ള ഈ ഗജരാജന്റെ വരവ് പകര്‍ത്താന്‍ ആയിരക്കണക്കിന് മൊബൈല്‍ ഫോണുകളാണ് ഗോപുരനടയില്‍ ഉയര്‍ന്നത്.

പഞ്ചവാദ്യമേളങ്ങളോടെയാണ് രാമനെ പൂരനഗരി വരവേറ്റത്. ഘടകപൂരമായ പനമുക്കുംപള്ളി ശാസ്താവും പൂരനഗരിയിലെത്തി. ചെമ്പുകാവ് ഭഗവതിയും പനമുക്കുംപള്ളി ശാസ്താവും പാറമേക്കാവ് ക്ഷേത്രത്തിനുമുന്നില്‍ മുഖാമുഖം നോക്കിനില്‍ക്കുന്ന ചടങ്ങ് നടന്നു. ഇരുദേവതകളും വടക്കുംനാഥനെ വണങ്ങി തെക്കേഗോപുര നടവഴി പുറത്തേയ്ക്ക് കടന്നു. രാമന്‍ എഴുന്നള്ളുന്നത് കാണാന്‍ വന്‍ ജനതിരക്കാണ് അനുഭവപ്പെടുന്നത്. രാമനെ കാണാനായി നാനാദേശത്തുനിന്ന് ആളുകള്‍ ഇന്നലെതന്നെ എത്തിത്തുടങ്ങിയിരുന്നു. കണിമംഗലം ശാസ്താവും വടക്കുംനാഥ സന്നിധിയിലേയ്ക്ക് എഴുന്നള്ളിയെത്തി. വെയിലും മഞ്ഞും മഴയും ഏല്‍ക്കാതെ ദേവഗുരുവായ ബൃഹസ്പതിയാകുന്ന ശാസ്താവ് വടക്കുംനാഥ സന്നിധിയിലെത്തണമെന്നാണ് ഐതിഹ്യം. ഒരാനപ്പുറത്ത് കണിമംഗലത്തുനിന്ന് പുറപ്പെട്ട ശാസ്താവ് കുളശേരിയില്‍ നിന്ന് അഞ്ചാനപ്പുറത്തും പിന്നീട് സ്വരാജ് ഗ്രൗണ്ടിലേയ്ക്ക് കടന്നപ്പോള്‍ ഏഴാനപ്പുറത്തുമാണ് എഴുന്നള്ളി വന്നത്.

വടക്കുനാഥനെ വണങ്ങാതെ, പ്രദക്ഷിണം വയ്ക്കാതെ തെക്കേ ഗോപുരം വഴി അകത്തേയ്ക്ക് കയറുന്ന ഏക പൂരമെന്ന പ്രത്യേകതയും കണിമംഗലം ശാസ്താവിനുണ്ട്. പുലര്‍ച്ചെ നാലേമുക്കാലോടെ കണിമംഗലം ശാസ്താക്ഷേത്രത്തില്‍ നിന്നാണ് ആദ്യഘടകപൂരം ആരംഭിച്ചത്. മഠത്തിലെത്തിയുള്ള ചടങ്ങുകള്‍ക്കുശേഷം മഠത്തില്‍ നിന്ന് പുറപ്പെട്ടു. പിന്നാലെ പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്. ചെമ്പട മേളത്തോടെ വടക്കുന്നാഥനിലെ ഇലഞ്ഞിത്തറയിലെത്തിയാല്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളത്തിനു തുടക്കം.

മേളം കേട്ടാല്‍ പോരാ, കണ്ടുതന്നെ ആസ്വദിക്കണം എന്ന് ഉറപ്പിച്ച് ആദ്യം അവര്‍ തെക്കേ മഠത്തിനു മുന്നിലെ പന്തലിനു ചുറ്റിലുമായി സ്ഥലം പിടിച്ചു. 11 മണിയോടെ മഠത്തില്‍വരവിന് തുടക്കമായി. പഞ്ചവാദ്യം പലതു കേട്ടിട്ടുണ്ടെങ്കിലും മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവര്‍ക്കറിയാം. പഞ്ചവാദ്യത്തെക്കാള്‍ ഹരം പിടിക്കാന്‍ മേളം തന്നെ വേണമെന്നുള്ളവര്‍ പാറമേക്കാവില്‍ എത്തിയിരിക്കും. അവിടെ ഇക്കുറി എഴുന്നള്ളിപ്പ് നേരത്തെയാണ്.

ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളവും പഞ്ചവാദ്യവും ഒരേസമയം മുഴങ്ങുന്ന അത്യപൂര്‍വ്വമായ കാഴ്ച പൂരപ്രേമികളെ വിസ്മയിപ്പിച്ചു. കാരമുക്ക് ഭഗവതി പാണ്ടിമേളത്തിന്റെ അകമ്പടിയോടെയും പനമുക്കും പള്ളി ശാസ്താവ് പഞ്ചവാദ്യത്തിന്റെ താളത്തിലും എഴുന്നള്ളിയതോടെ കാണികള്‍ താളലഹരിയില്‍ അലിഞ്ഞുചേര്‍ന്നു. പൂരത്തിന്റെ ചരിത്രസാക്ഷിയായ ശ്രീമൂലസ്ഥാനത്തെ പേരാല്‍ മരം അപകടാവസ്ഥയിലായതിനാല്‍ പൂജാവിധികളോടെ ഇത് നീക്കം ചെയ്ത് പുതിയ ആല്‍മരം നടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഏകദേശം 150 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ മരമെന്നാണ് പറയപ്പെടുന്നത്. വൈകുന്നേരത്തോടെ കുടമാറ്റം ആരംഭിക്കും. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുടമാറ്റം 15 മിനിറ്റായി ചുരുക്കിയിട്ടുണ്ട്. മാത്രമല്ല വെടിക്കെട്ടിന് പകരം കതിന മാത്രമേ പൊട്ടിക്കു എന്നാണ് അറിയിച്ചിരിക്കുന്നത്. രാത്രി പൂരത്തിനുശേഷം തിങ്കളാഴ്ച രാവിലെ പകല്‍പ്പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; വടക്കുംനാഥനെ വണങ്ങി ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ്; മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് മധുരമേറും; പൂരപ്രേമികളെ ഹരംകൊള്ളിക്കാന്‍ ചെമ്പട മേളവും; പൂരാവേശത്തിന്റെ വിസ്മയക്കാഴ്ചകളില്‍ നിറഞ്ഞ് തൃശൂര്‍ - Marunadan Malayali | Boolokam