
മലയാള സിനിമയുടെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തെക്കുറിച്ചുള്ള ആവേശം കൊടുമുടിയിലാണ്. അഡ്വാൻസ് ബുക്കിംഗിൽ വലിയ മുന്നേറ്റം നടത്തുന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടി പങ്കുവെച്ച ചില ആശങ്കകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മമ്മൂട്ടി കമ്പനിക്ക് വേണ്ടി അളകനന്ദ നടത്തിയ അഭിമുഖത്തിലാണ് താരം തന്റെ 'ചെറിയ ഭയത്തെ'ക്കുറിച്ച് വെളിപ്പെടുത്തിയത്.
ജനങ്ങളുടെ വൻ പ്രതീക്ഷയാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് മമ്മൂട്ടി പറയുന്നു. "ഇത് ഞങ്ങളെ വെറും താരങ്ങളായി മാത്രം ഉപയോഗിച്ചിട്ടുള്ള സിനിമയല്ല. സോ കോൾഡ് 'മാസ്' ഫോർമുലയിലല്ല ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പകരം രണ്ട് നടന്മാർ എന്ന നിലയിൽ ഞങ്ങളെ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്," മമ്മൂട്ടി വ്യക്തമാക്കി. എം.ടിയുടെയും പത്മരാജന്റെയും സിനിമകളിൽ നല്ല കഥാപാത്രങ്ങളായി അഭിനയിച്ചതാണ് തങ്ങളുടെ കരിയറിൽ ഊർജ്ജമായതെന്നും, 'പേട്രിയറ്റ്' അത്തരം അഭിനയ സാധ്യതയുള്ള ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
130 ദിവസത്തെ അധ്വാനവും വലിയ തുകയും മുടക്കിയ ചിത്രം ഒരു പുതിയ സിനിമാ ഫോർമുലയ്ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിക്കുമെന്നുറപ്പാണ്. താരപ്പകിട്ടിനേക്കാൾ അഭിനയത്തിന് പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കുമിതെന്ന് മമ്മൂട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.
