
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. അപ്രതീക്ഷിത മണ്ഡലങ്ങളിൽ ഉൾപ്പെടെ അട്ടിമറി വിജയം നേടുമെന്നും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ വിജയം സുരക്ഷിതമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഇടത്-വലത് മുന്നണികളുടെ ഭരണത്തിൽ മനംമടുത്ത കേരളത്തിലെ ജനങ്ങൾ ബിജെപിയെയും എൻഡിഎയെയും മൂന്നാം രാഷ്ട്രീയ ശക്തിയായി അംഗീകരിച്ചു കഴിഞ്ഞു എന്ന് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. സംസ്ഥാനത്തെ പകുതിയിലേറെ മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ മത്സരമാണ് നടന്നത്. വികസിത കേരളം എന്ന ബിജെപിയുടെ മുദ്രാവാക്യം മലയാളികൾ ഏറ്റെടുത്തതായും മാറ്റത്തിനായി വോട്ട് ചെയ്തവർ ബിജെപിയെ പിന്തുണച്ചുവെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് സീറ്റുകൾ പ്രവചിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, താഴേത്തട്ടിലുള്ള കണക്കുകളും പ്രവർത്തകരുടെ കഠിനാധ്വാനവും ഇത് ശരിവെക്കുന്നുവെന്നും പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ള, ഇടതുഭരണത്തിലെ കെടുകാര്യസ്ഥത, കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. "ഇരു മുന്നണികളെയും മതിയായി, ഇനി വരണം ബിജെപി" എന്ന വികാരം വോട്ടർമാരിൽ പ്രതിഫലിക്കുമെന്നും വലിയ ആത്മവിശ്വാസത്തോടെയാണ് ഫലം കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.
