
തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച നിലയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. മകനെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമം വികാരനിർഭരമായ എഐ ചിത്രങ്ങളിലൂടെ പ്രചരിച്ചെങ്കിലും, ഇത്തരം രീതികൾ അപകടകരമാണെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
മകനെക്കൂടി സ്വന്തം ലൈഫ് ജാക്കറ്റിനുള്ളിൽ ഉൾപ്പെടുത്തിയതോടെ ജാക്കറ്റിന് താങ്ങാവുന്ന ഭാരപരിധിക്ക് പുറത്തായതാവാം അപകടകാരണമെന്നാണ് അധികൃതരുടെ നിരീക്ഷണം. ലൈഫ് ജാക്കറ്റുകൾ ഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്; അതിനാൽ ഓരോ വ്യക്തിയും അവരുടെ ഭാരത്തിനനുസരിച്ചുള്ള കൃത്യമായ അളവിലുള്ള ജാക്കറ്റുകൾ മാത്രമേ ധരിക്കാവൂ. കുട്ടികൾക്ക് അവരുടെ അളവിലുള്ള ജാക്കറ്റുകൾ ധരിപ്പിക്കുകയും കാലുകൾക്കിടയിലൂടെയുള്ള സ്ട്രാപ്പുകളും ബക്കിളുകളും മുറുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം, അല്ലാത്തപക്ഷം വെള്ളത്തിലേക്ക് വീഴുമ്പോൾ അവ ശരീരത്തിൽ നിന്ന് ഊരിപ്പോകാൻ സാധ്യതയുണ്ട്.
ബോട്ട് യാത്ര ആരംഭിക്കുന്നത് മുതൽ കരയിൽ തിരികെ എത്തുന്നതുവരെ ലൈഫ് ജാക്കറ്റ് ധരിക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്ന് മാരിടൈം ബോർഡ് വ്യക്തമാക്കുന്നു. അപകടം നടക്കുമ്പോൾ ജാക്കറ്റുകൾ എറിഞ്ഞു നൽകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും അഗ്നിരക്ഷാ സേന ചൂണ്ടിക്കാട്ടുന്നു.
2010-ലെ കേരള ഉൾനാടൻ ജലയാന ചട്ടങ്ങൾ പ്രകാരം എല്ലാ ബോട്ടുകളിലും യാത്രക്കാർക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകളും, മൊത്തം യാത്രക്കാരുടെ പത്ത് ശതമാനം കുട്ടികൾക്കുള്ള ജാക്കറ്റുകളും ഉണ്ടായിരിക്കണം. ഓരോ ജാക്കറ്റിലും റിഫ്ലക്ടീവ് ടേപ്പും വിസിലും നിർബന്ധമാണ്. ജാക്കറ്റ് പാകമാണോ എന്നറിയാൻ അത് ധരിച്ച ശേഷം കൈകൾ ഉയർത്തി നോക്കുക; ജാക്കറ്റ് മുഖത്തേക്ക് തള്ളിക്കയറി വരുന്നുണ്ടെങ്കിൽ അത് അയഞ്ഞതാണെന്ന് മനസ്സിലാക്കാം. കൃത്യമായ ഇടവേളകളിൽ ഇവയുടെ പ്രവർത്തനക്ഷമത പരിശോധിക്കപ്പെടാത്തത് വലിയ പോരായ്മയാണെന്നും, ഗുണനിലവാരമില്ലാത്ത ജാക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
