BoolokamBoolokam

ജയ്പൂരില്‍ അഭിഷേക് ശര്‍മ്മയ്ക്ക് നേരെ യുവതിയുടെ 'കൈയേറ്റം'; സുരക്ഷാ വലയം ഭേദിച്ച് താരം കൈപിടിച്ച് വലിച്ചു; അസ്വസ്ഥനായി സൂപ്പര്‍ താരം; നടുങ്ങിപ്പോയെന്ന് സണ്‍റൈസേഴ്‌സ് ടീം!

ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനായി ജയ്പൂരിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങള്‍ക്ക് സുരക്ഷാ വീഴ്ച നേരിട്ടത് വിവാദത്തില്‍. ടീം ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെ ആരാധകക്കൂട്ടത്തില്‍ നിന്നൊരു യുവതി ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ കൈപിടിച്ച് വലിച്ചതാണ് പരിഭ്രാന്തി പരത്തിയത്. ഇന്ത്യയ്ക്കായി ട്വന്റി-20 ലോകകപ്പിലടക്കം മികച്ച പ്രകടനം പുറത്തെടുത്ത യുവതാരത്തെ കാണാന്‍ നിരവധി പേരാണ് ഹോട്ടല്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നത്. താരങ്ങള്‍ സുരക്ഷാവലയത്തിനുള്ളിലൂടെ നടന്നുനീങ്ങുന്നതിനിടെ യുവതി അപ്രതീക്ഷിതമായി അഭിഷേകിന്റെ കൈ കവരുകയായിരുന്നു. താരം കൈ വിടുവിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി പിടിവിടാന്‍ തയ്യാറാകാതിരുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇവരെ മാറ്റിയത്. അപ്രതീക്ഷിത നീക്കത്തില്‍ അസ്വസ്ഥനായ താരം വേഗത്തില്‍ ഹോട്ടലിനുള്ളിലേക്ക് നീങ്ങി. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഇത്തരമൊരു സംഭവം ഉണ്ടായത് സംഘാടകരുടെ വീഴ്ചയാണെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

സുരക്ഷാ വീഴ്ചയുടെ ആശങ്കകള്‍ക്കിടയിലും കളിക്കളത്തില്‍ തകര്‍പ്പന്‍ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ജയ്പൂരില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് സണ്‍റൈസേഴ്സ് തകര്‍ത്തു. കൗമാര താരം വൈഭവ് സൂര്യവംശിയുടെ സെഞ്ചറി കരുത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 229 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പത്തു പന്തുകള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് മറികടന്നു. വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ രണ്ടാം സെഞ്ചറിക്കുള്ള മറുപടി ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മ്മയുടെയും ഇരട്ടപ്രഹരത്തിലൂടെയാണ് ഹൈദരാബാദ് നല്‍കിയത്. 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യം കണ്ടു.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വൈഭവ് സൂര്യവംശി വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 37 പന്തില്‍ 103 റണ്‍സെടുത്ത വൈഭവ് 36-ാം പന്തില്‍ സെഞ്ചറി പൂര്‍ത്തിയാക്കി. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ മൂന്നാം സെഞ്ചറി എന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. ധ്രുവ് ജുറേല്‍ (35 പന്തില്‍ 51) പിന്തുണ നല്‍കിയതോടെ രാജസ്ഥാന്‍ സ്‌കോര്‍ 228-ല്‍ എത്തി. എന്നാല്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (6) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് തകര്‍ത്തടിച്ചു. ഇഷാന്‍ കിഷന്‍ 31 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ അഭിഷേക് ശര്‍മ്മ 29 പന്തില്‍ 57 റണ്‍സുമായി തന്റെ ഫോം തെളിയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെറും 55 പന്തില്‍ അടിച്ചുകൂട്ടിയ 132 റണ്‍സാണ് ഹൈദരാബാദ് വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇരുവരും പുറത്തായ ശേഷം ഹെയ്ന്റിച്ചി ക്ലാസനും (29), നിതീഷ് കുമാര്‍ റെഡ്ഡിയും (36) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയ്പൂരില്‍ അഭിഷേക് ശര്‍മ്മയ്ക്ക് നേരെ യുവതിയുടെ 'കൈയേറ്റം'; സുരക്ഷാ വലയം ഭേദിച്ച് താരം കൈപിടിച്ച് വലിച്ചു; അസ്വസ്ഥനായി സൂപ്പര്‍ താരം; നടുങ്ങിപ്പോയെന്ന് സണ്‍റൈസേഴ്‌സ് ടീം! - Marunadan Malayali | Boolokam