
ജെറുസലേം: ജെറുസലേമിന്റെ ഹൃദയഭാഗത്ത് കന്യാസ്ത്രീയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവം ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. നടന്നുപോവുകയായിരുന്ന കന്യാസ്ത്രീയെ അക്രമി പിന്നില്‍നിന്ന് തള്ളിവീഴ്ത്തുകയും നിലത്തുകിടന്ന അവരെ പല തവണ ചവിട്ടുകയും ചെയ്തു. ആക്രമണത്തിന്റെ ഭീകരമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. സയണിലെ ദ സെനാക്കിള്‍ എന്ന കെട്ടിടത്തിന് മുന്നില്‍ വെച്ചായിരുന്നു ആക്രമണം.
ജൂത-ക്രൈസ്തവ വിശ്വാസികള്‍ ഒരുപോലെ പവിത്രമായി കരുതുന്ന സ്ഥലമാണിത്. കന്യാസ്ത്രീയെ തള്ളിയിട്ട ശേഷം നടന്നുപോയ അക്രമി, വീണ്ടും തിരിച്ചുവന്നാണ് അവരെ ക്രൂരമായി ചവിട്ടിയത്. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ഒരു വഴിയാത്രക്കാരന്‍ ഇടപെട്ടതോടെയാണ് അക്രമി പിന്തിരിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് 36 വയസ്സുകാരനായ ഒരാളെ ഇസ്രായേല്‍ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. വംശീയ വിദ്വേഷം മൂലമുള്ള അക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ പൗരത്വം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെങ്കിലും, ഇയാള്‍ ഒരു തീവ്രവാദ ചിന്താഗതിയുള്ള ജൂത വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മര്‍ദനമേറ്റ കന്യാസ്ത്രീ ഫ്രഞ്ച് സ്‌കൂള്‍ ഓഫ് ബിബ്ലിക്കല്‍ ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചിലെ ഗവേഷകയാണ്. കല്ലുകള്‍ നിറഞ്ഞ തറയിലേക്ക് അക്രമി അവരെ ബലമായി തള്ളിയിടുകയായിരുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാദര്‍ ഒലിവിയര്‍ പോക്വിലോണ്‍ പറഞ്ഞു. മുഖത്തും തലയ്ക്കും പരിക്കേറ്റ അവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേലില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് പ്രാദേശിക ക്രൈസ്തവ സംഘടനകള്‍ ആരോപിക്കുന്നു.
മതവേഷം ധരിച്ചെത്തുന്ന പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ തുപ്പുന്നതും അസഭ്യം പറയുന്നതും പതിവാകുകയാണെന്ന് യൂറോപ്യന്‍ നയതന്ത്ര പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും ഹീബ്രു സര്‍വ്വകലാശാല അധികൃതര്‍ കുറ്റപ്പെടുത്തി. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ സംഭവം ലജ്ജാകരമാണെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. എന്നാല്‍, ഇത്തരം ആക്രമണങ്ങളില്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് ലഘുവായ ശിക്ഷ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും ക്രൈസ്തവ ഫോറം കോര്‍ഡിനേറ്റര്‍ വാദി അബുനാസര്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം തെക്കന്‍ ലെബനനിലെ ഗ്രാമത്തില്‍ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത രണ്ട് ഇസ്രായേല്‍ സൈനികരെ സൈന്യത്തില്‍ നിന്ന് പുറത്താക്കി. ദെബ്ലിലെ ക്രിസ്ത്യന്‍ ഗ്രാമത്തിലായിരുന്നു ഈ അതിക്രമം നടന്നത്. വലിയ മഴു ഉപയോഗിച്ച് പ്രതിമ തകര്‍ക്കുന്ന സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിമ തകര്‍ത്ത സംഭവത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ശക്തമായി അപലപിച്ചു. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന രാജ്യമാണ് ഇസ്രായേല്‍ എന്നും, സൈനികന്റെ പ്രവൃത്തി അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബീയും സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ജെറുസലേമിലെയും പരിസര പ്രദേശങ്ങളിലെയും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. വംശീയമായ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
