
ന്യൂഡൽഹി: ഐപിഎൽ ആവേശപ്പോരാട്ടത്തിൽ ടോസ് ഭാഗ്യം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്. ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ ഡൽഹി മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. 18 വയസ്സുകാരൻ സാഹിൽ പരഖ് ഡൽഹി നിരയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, ഐപിഎല്ലിൽ 9000 റൺസ് എന്ന ചരിത്രനേട്ടത്തിന് തൊട്ടരികിലാണ് ആർസിബി താരം വിരാട് കോലി.
ഇന്ന് 11 റൺസ് കൂടി നേടിയാൽ ഐപിഎൽ ചരിത്രത്തിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി വിരാട് കോലിക്ക് സ്വന്തമാകും. ഈ ഐപില്ലിലും സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ് കോലി. ആർസിബിയുടെ പ്രതീക്ഷകൾ മുഴുവൻ. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബെംഗളൂരു ഇറങ്ങുന്നത്. പൃഥ്വി ഷായെയും അഭിഷേക് പോറലിനെയും ഒഴിവാക്കിയാണ് ഡൽഹി തങ്ങളുടെ പുതിയ ഓപ്പണറെ കണ്ടെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര പ്രീമിയർ ലീഗിലെ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഇടങ്കയ്യൻ ബാറ്റർ സാഹിൽ പരഖാണ് ഡൽഹിക്ക് വേണ്ടി ഇന്ന് ഇന്നിങ്സ് തുടങ്ങുന്നത്. കെ.എൽ രാഹുലാണ് ഡൽഹിയുടെ വിക്കറ്റ് കീപ്പർ. കെയ്‌ൽ ജാമിസൺ, ദുഷ്മന്ത ചമീര എന്നീ രണ്ട് വിദേശ പേസർമാരെയും ഡൽഹി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്ലേയിങ് ഇലവൻ:
ഡൽഹി ക്യാപിറ്റൽസ്: സാഹിൽ പരഖ്, കെ.എൽ രാഹുൽ, നിതീഷ് റാണ, സമീർ റിസ്‌വി, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ദുഷ്മന്ത ചമീര, കെയ്‌ൽ ജാമിസൺ, കുൽദീപ് യാദവ്, ടി. നടരാജൻ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റസിഖ് സലാം ദാർ.
