BoolokamBoolokam

ട്രാഫിക് പൊലീസുകാരന്റെ വിരൽ കടിച്ചു മുറിച്ചു, പിന്നെ 21 വർഷം ഒളിവ്; മുഹമ്മദ് നൂഹിനെ ഒടുവിൽ ചിറയിൻകീഴിൽ നിന്ന് പൊക്കി പൊലീസ്

ചെങ്ങന്നൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത കേസിൽ 21 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചെറിയനാട് ചെറുവല്ലൂർ സ്വദേശി കളരിക്കൽ വീട്ടിൽ മുഹമ്മദ് നൂഹ് (64) ആണ് വെൺമണി പൊലീസിന്റെ പിടിയിലായത്. ചിറയിൻകീഴ് ഭാഗത്തുനിന്നാണ് സാഹസികമായി ഇയാളെ അന്വേഷണസംഘം പൊക്കിയത്.

1999 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലകടവ് ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മുഹമ്മദ് നൂഹ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതി, ഉദ്യോഗസ്ഥന്റെ കൈവിരലുകൾ കടിച്ചു മുറിപ്പെടുത്തുകയും ചെയ്തു.

ഈ കേസിൽ ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതി മുഹമ്മദ് നൂഹിന് മൂന്നുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിനുപിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഇയാൾക്കെതിരെ കോടതി ശിക്ഷാ വാറണ്ട് പുറപ്പെടുവിച്ചതോടെ വെൺമണി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് വലവിരിച്ചു. കേരളത്തിനകത്തും പുറത്തുമായി പലയിടങ്ങളിൽ മാറി മാറി താമസിച്ചുവരികയായിരുന്നു ഇയാൾ.

ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാർ ജെ.യുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ രാജേഷ് പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. സബ് ഇൻസ്‌പെക്ടർ രതീഷ് ബാബു ഡി, ജയരാജ് വി, പ്രവീൺ എസ്, വൈശാഖ് തമ്പി, സുധീപ് എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തടവിനും പിഴയ്ക്കും ശിക്ഷിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!