
സൂറത്ത്: അഞ്ചുദിവസം മുൻപ് കാണാതായ ഡയറ്റീഷ്യന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹം ഭർത്താവിന്റെ പഴയ വീട്ടിലെ മരപ്പെട്ടിയിൽ സിമന്റ് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സൂറത്ത് സ്മിമർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയായ ശില്പയാണ് (39) കൊല്ലപ്പെട്ടത്.. സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് വിശാൽ സാൽവിയെ പോലീസ് പിടികൂടി. തൊഴിലില്ലായ്മയെത്തുടർന്നുള്ള കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് വിശാൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ശനിയാഴ്ച വിശാലിന്റെ മകൻ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശമാണ് നിർണ്ണായകമായത്. വിശാൽ എഴുതിയ ഒരു കത്തിന്റെ ചിത്രം മകൻ ബന്ധുക്കൾക്ക് അയക്കുകയായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ കാരണം താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കഗ്ജി ചൗളിലെ പഴയ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെ ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു.
പോലീസ് പഴയ വീട്ടിലെത്തി പരിശോധിച്ചപ്പോൾ മുകളിലത്തെ നിലയിൽ സിമന്റ് നിറച്ച നിലയിൽ ഒരു മരപ്പെട്ടി കണ്ടെത്തി. പെട്ടി തുറന്നപ്പോൾ അഴുകിത്തുടങ്ങിയ നിലയിൽ ശില്പയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിമന്റ് ഒഴിച്ച് മൃതദേഹം പെട്ടിക്കുള്ളിൽ ഉറപ്പിച്ച നിലയിലായിരുന്നു. അഞ്ചു ദിവസത്തോളം പഴക്കമുള്ളതിനാൽ മൃതദേഹം പൂർണ്ണമായും അഴുകിയിരുന്നു. തൊഴിലില്ലായ്മയെത്തുടർന്നുണ്ടായ കുടുംബകലഹമാണ് ദാരുണമായ ഈ കൊലപാതകത്തിൽ കലാശിച്ചത്.
ഡയമണ്ട് മേഖലയിൽ ജോലി ചെയ്തിരുന്ന വിശാൽ കഴിഞ്ഞ രണ്ട് വർഷമായി തൊഴിൽരഹിതനായിരുന്നു. ഇതുമൂലം ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഏപ്രിൽ 20-ന് ഉണ്ടായ വാക്കുതർക്കത്തിനിടെ ശില്പയെ കൊലപ്പെടുത്തിയ വിശാൽ, കൃത്യം മറച്ചുവെക്കാൻ ക്രൂരമായ വഴികളാണ് തേടിയത്. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം തന്റെ പഴയ വീട്ടിലെത്തിച്ച് ഒരു മരപ്പെട്ടിയിലാക്കി സിമന്റൊഴിച്ച് മൂടി.
തുടർന്ന് ശില്പയെ ആശുപത്രിയിൽ കൊണ്ടുവിട്ടെന്നും അവിടെനിന്ന് കാണാതായെന്നും കാണിച്ച് പോലീസിൽ പരാതി നൽകി ഇയാൾ നാടകം കളിച്ചു. ശില്പയുടെ പിതാവ് സൂറത്തിലെത്തി നേരിട്ട് ചോദ്യം ചെയ്തപ്പോഴും കുലുക്കമില്ലാതെ കള്ളം ആവർത്തിച്ച് വിശാൽ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2010 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് 13-ഉം എട്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
