
ന്യൂഡല്‍ഹി; ഐപിഎല്ലിനിടെ ഡ്രസ്സിങ് റൂമില്‍ വെച്ച് ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനെതിരേ നടപടിയെടുത്ത് ബിസിസിഐ. പരാഗ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് കനത്ത പിഴ ശിക്ഷയായി വിധിച്ചു. മാച്ച് ഫീയുടെ 25% ആണ് പിഴയായി വിധിച്ചത്. രാജസ്ഥാന്‍ നായകന്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് നടപടി. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാന്‍ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ സിഗററ്റ് ഉപയോഗിച്ച സംഭവത്തില്‍ റിയാന്‍ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു.
മാച്ച് ഫീയുടെ 25% തുക പിഴശിക്ഷയ്ക്ക് പുറമേ ഒരു ഡിമെറിറ്റ് പോയന്റും ചുമത്തിയതായി ബിസിസിഐ അറിയിച്ചു. താരങ്ങള്‍ക്കും ടീം ഒഫീഷ്യലുകള്‍ക്കുമുള്ള പെരുമാറ്റചട്ടത്തിലെ ലെവല്‍ 1 ലംഘിച്ചതായാണ് ബിസിസിഐ കണ്ടെത്തിയത്. മത്സരത്തിന് കളങ്കം വരുത്തുന്ന നടപടിയാണ് പരാഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പിഴയ്ക്ക് പുറമേ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും താരത്തിന് നല്‍കിയതായാണ് വിവരം.
ഐപിഎല്ലില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് പരാഗ് വിവാദത്തില്‍ അകപ്പെട്ടത്. ഡ്രസ്സിങ് റൂമില്‍ നിന്ന് ഇ-സിഗരറ്റ് വലിച്ചതാണ് വിവാദമായത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. രാജസ്ഥാന്‍ ഇന്നിങ്സിന്റെ 16-ാം ഓവറിലാണ് സംഭവം. മത്സരം നടന്നുകൊണ്ടിരിക്കേ ഡ്രസ്സിങ് റൂമില്‍ നിന്ന് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുകയായിരുന്നു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം വന്‍ ചര്‍ച്ചയായി മാറി. 14-ാം ഓവറില്‍ പുറത്തായി മടങ്ങിയതിന് പിന്നാലെയാണ് താരം ഇ-സിഗരറ്റ് വലിച്ചത്. മത്സരത്തില്‍ 16 പന്തില്‍ നിന്ന് 29 റണ്‍സാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
നേരത്തേ ഡഗൗട്ടില്‍ ഫോണ്‍ ഉപയോഗിച്ചതിന് ടീം മാനേജര്‍ റോമി ഭിന്ദര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഒരു ലക്ഷം രൂപ പിഴയും താക്കീതും നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് രാജസ്ഥാന്‍ നായകനും സമാനമായ നടപടിക്ക് വിധേയമാകുന്നത്.
