
ഇടുക്കി: ഇടുക്കി മാങ്കുളത്ത് നിന്ന് കാണാതായ പഞ്ചായത്ത് അംഗം ധന്യ ഗണേശനെ ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രതിനിധിയുമായ ധന്യയെ അന്‍പതാം മൈലിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിക്കുള്ളില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏപ്രില്‍ 22-ന് ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. കുടുംബവഴക്കിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ ധന്യയെക്കുറിച്ച് വിവരമില്ലാതായതോടെ ഭര്‍ത്താവ് അനീഷ് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസും വനംവകുപ്പും നാട്ടുകാരും സംയുക്തമായി മാങ്കുളം മേഖലയില്‍ വലിയ രീതിയിലുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഡ്രോണുകളും കഡാവര്‍ നായ്ക്കളും ഉപയോഗിച്ച് കാട്ടിനുള്ളിലടക്കം പരിശോധന വ്യാപിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ഇന്ന് രാവിലെ നടത്തിയ വ്യാപകമായ തിരച്ചിലിനിടയിലാണ് ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ അവശയായി കിടക്കുന്ന നിലയില്‍ ധന്യയെ കണ്ടെത്തിയത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ധന്യയെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് രംഗത്തെത്തി. യുവതിയെ കണ്ടെത്തിയ അതേ ശുചിമുറിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരവും പരിശോധന നടത്തിയിരുന്നതാണെന്നും അന്ന് അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം പിന്നിടുമ്പോള്‍ അതേ സ്ഥലത്ത് തന്നെ ധന്യയെ അവശനിലയില്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നും ഇതില്‍ വ്യക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച മാങ്കുളത്ത് നിന്നും ചിക്കണാംകുടിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയ ധന്യ, അവിടെ നിന്ന് തിരികെ വരും വഴിയാണ് കാണാതായത്. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗമാണ് ധന്യ. നേരത്തെ മുതല്‍ ധന്യയുടെ വീട്ടില്‍ കുടുംബവഴക്ക് ഉണ്ടായിരുന്നതായും പലപ്പോഴും പ്രശ്നം പരിഹരിച്ചിരുന്നതായും മാങ്കുളം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ സാജു ജോസ് പറഞ്ഞു. കുടുംബവഴക്ക് തന്നെയാണോ അതോ മറ്റ് ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
