BoolokamBoolokam

ഡ്രൈവർ ബോധരഹിതയായി; നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽനിന്ന് തെന്നിമാറി; അപകടം മണത്ത പന്ത്രണ്ടുകാരൻ സ്റ്റിയറിങ് നിയന്ത്രിച്ചു, കൂട്ടുകാരൻ ബ്രേക്ക് അമർത്തി; ഹീറോയായി വിദ്യാർഥികൾ

മിസിസിപ്പി: ഡ്രൈവർ ബോധരഹിതയായി നിയന്ത്രണം വിട്ട സ്കൂൾ ബസ് സാഹസികമായി നിയന്ത്രിച്ച് നിർത്തി ഒരുകൂട്ടം വിദ്യാർഥികൾ ഹീറോകളായി. മിസിസിപ്പിയിലെ ഹാൻകോക്ക് കൗണ്ടി മിഡിൽ സ്കൂളിലെ നാൽപ്പതോളം കുട്ടികളാണ് മരണമുഖത്തുനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് സ്കൂൾ വിട്ട് കുട്ടികളുമായി മടങ്ങുകയായിരുന്നു ഡ്രൈവർ ലിയ ടെയ്‌ലർ (46).

യാത്രയ്ക്കിടെ ഇവർക്ക് പെട്ടെന്ന് ആസ്‌മ അനുഭവപ്പെടുകയും മരുന്നെടുക്കുന്നതിന് മുൻപേ ബോധം മറയുകയുമായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽനിന്ന് തെന്നിമാറി. അപകടം മണത്ത പന്ത്രണ്ടുകാരനായ ജാക്സൺ കസൻവെ ഉടൻ സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റ് സ്റ്റിയറിങ് പിടിച്ചുനിയന്ത്രിച്ചു.

ജാക്സന്റെ വിളികേട്ടെത്തിയ കൂട്ടുകാരൻ ഡാരിയസ് ക്ലാർക്ക് (12) സമയോചിതമായി ബ്രേക്ക് അമർത്തിയതോടെ ബസ് സുരക്ഷിതമായി നിന്നു. ബസ് നിന്നതിന് പിന്നാലെ ഡാരിയസിന്റെ സഹോദരി കെയ്‌ലി (13) അടിയന്തര സുരക്ഷാ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. മറ്റ് രണ്ട് വിദ്യാർഥികൾ ചേർന്ന് ഡ്രൈവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി.

ഇതിനിടെ ഡ്രൈവറുടെ ഫോണിലേക്ക് വന്ന കോളെടുത്ത് അപകടവിവരവും കുട്ടികൾ കൈമാറി. നാടിന്റെ മുഴുവൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന ഈ കുട്ടിപ്പട്ടാളത്തെ ആദരിക്കാൻ വിരുന്നൊരുക്കുകയാണ് സ്കൂൾ അധികൃതർ. അടുത്തയാഴ്ച നടക്കുന്ന ചടങ്ങിൽ വിദ്യാർഥികളുടെ ധീരതയെ സ്കൂൾ മാനേജ്‌മെന്റ് ഔദ്യോഗികമായി ആദരിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!