BoolokamBoolokam

താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; മറിഞ്ഞ എസ്‌കവേറ്റര്‍ ഉയര്‍ത്തും, ഭാരവാഹനങ്ങള്‍ക്ക് നിരോധനം

താമരശ്ശേരി: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ താമരശ്ശേരി ചുരത്തിലെ ആറാംവളവില്‍ താഴ്ചയിലേക്ക് മറിഞ്ഞ എസ്‌കവേറ്റര്‍ ഉയര്‍ത്തുന്നതിനായി ഇന്ന് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെയാണ് എസ്‌കവേറ്റര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്.

യന്ത്രം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ക്ക് വലിയ ക്രയിനുകള്‍ ഉപയോഗിക്കേണ്ടി വരുന്നതിനാലാണ് നിയന്ത്രണം. ഭാരവാഹനങ്ങള്‍ക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ചുരത്തില്‍ പൂര്‍ണ്ണ നിരോധനമുണ്ടാകും. ബസുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ചെറിയ വാഹനങ്ങളെ നിയന്ത്രണങ്ങളോടെ കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. പ്രവൃത്തി നടക്കുന്ന സമയത്ത് ചുരത്തില്‍ വലിയ തോതില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

എസ്‌കവേറ്റര്‍ ഉയര്‍ത്തുന്നതിനൊപ്പം ചുരത്തിലെ മറ്റ് സുരക്ഷാ പ്രവൃത്തികളും ഇന്ന് നടക്കും. ഒന്‍പതാംവളവില്‍ പുതിയ കൈവരികള്‍ സ്ഥാപിക്കുന്നതിന്റെ തുടര്‍പ്രവൃത്തികള്‍ ഇന്ന് പൂര്‍ത്തിയാക്കും. കൂടാതെ, പാറയിടിഞ്ഞ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഗാബിയോണ്‍ നെറ്റ്' സ്ഥാപിക്കുന്ന ജോലികളും ഇന്ന് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വയനാട് ഭാഗത്തേക്കും തിരിച്ചും പോകുന്ന യാത്രക്കാര്‍ നിര്‍മ്മാണ പ്രവൃത്തികളോട് സഹകരിക്കണമെന്നും പരമാവധി ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലൂടെ വരുന്നവര്‍ കുറ്റ്യാടി ചുരം വഴിയോ മറ്റ് ബദല്‍ റോഡുകളോ തിരഞ്ഞെടുക്കുന്നത് യാത്ര സുഗമമാക്കാന്‍ സഹായിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!