BoolokamBoolokam

തുടക്കം പ്രിയാൻഷ് ആര്യയുടെ വെടിക്കെട്ട്, കരുത്തായി പ്രഭ്‌സിമ്രാൻ; ഒടുവിൽ സ്റ്റോയിനിസ് ആറാട്ട്; അടിച്ച് തകർത്ത് പഞ്ചാബ്; രാജസ്ഥാന് മുന്നിൽ 223 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം

മുള്ളൻപൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ റൺമലയ്ക്ക് താഴെയാക്കി പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ തകർത്താടിയ മാർക്കസ് സ്റ്റോയിനിസും അടിത്തറയിട്ട പ്രഭ്‌സിമ്രാൻ സിങ്ങുമാണ് രാജസ്ഥാൻ ബൗളർമാരുടെ ഉറക്കം കെടുത്തിയത്.

ആദ്യ വിക്കറ്റിൽ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാനും ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. വെറും 11 പന്തിൽ നിന്ന് 5 ഫോറുകളും ഒരു സിക്സറുമടക്കം 29 റൺസ് നേടിയ പ്രിയാൻഷ് ആര്യയെ ജോഫ്ര ആർച്ചറാണ് ആദ്യം പുറത്താക്കിയത്. ടീം സ്കോർ 37-ൽ നിൽക്കെയായിരുന്നു ആദ്യ വീഴ്ച. പിന്നാലെ വന്ന കൂപ്പർ കൊണോലിയും ഒട്ടും കുറച്ചില്ല.

14 പന്തിൽ 30 റൺസുമായി (2 ഫോർ, 3 സിക്സ്) താരം സ്കോർ ബോർഡ് വേഗത്തിലാക്കി. ടീം സ്കോർ 96-ൽ നിൽക്കെ കൊണോലിയെ യാഷ് പുഞ്ച മടക്കി. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് ഉറച്ചുനിന്നു. 44 പന്തിൽ 59 റൺസെടുത്ത പ്രഭ്‌സിമ്രാൻ ആണ് പഞ്ചാബ് ഇന്നിങ്സിന്റെ നെടുംതൂണായത്. 27 പന്തിൽ 30 റൺസ് നേടി നായകൻ ശ്രേയസ് അയ്യരും മികച്ച പിന്തുണ നൽകി.

അവസാന ഓവറുകളിൽ മുള്ളൻപൂരിലെ ഗാലറി സാക്ഷ്യം വഹിച്ചത് മാർക്കസ് സ്റ്റോയിനിസിന്റെ താണ്ഡവത്തിനായിരുന്നു. വെറും 22 പന്തിൽ നിന്ന് 6 സിക്സറുകളും 4 ഫോറുമടക്കം 281.82 സ്ട്രൈക്ക് റേറ്റിൽ 62 റൺസാണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. സ്റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിനെ 200 കടത്തിയത്.

രാജസ്ഥാൻ ബൗളർമാരെല്ലാം പഞ്ചാബ് ബാറ്റിങ് നിരയുടെ ചൂടറിഞ്ഞു. 4 ഓവറിൽ 59 റൺസ് വഴങ്ങിയ നാന്ദ്രെ ബർഗറാണ് ഏറ്റവും കൂടുതൽ പ്രഹരം ഏറ്റുവാങ്ങിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ യാഷ് പുഞ്ച മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ജോഫ്ര ആർച്ചർ ഒരു വിക്കറ്റ് നേടിയപ്പോൾ, രവീന്ദ്ര ജഡേജ 4 ഓവറിൽ 32 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!