
തിരുവനന്തപുരം: പത്ത് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുന്നു എന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കണ്ടും കത്തുകളിലൂടെയും നന്ദി അറിയിച്ച മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയ വിരമിക്കലിന്റെ മുന്നോടിയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. എക്‌സിറ്റ് പോളുകള്‍ ഭരണമാറ്റം പ്രവചിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ 'വിടവാങ്ങല്‍' ശൈലിയിലുള്ള നീക്കങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വ്യക്തിപരമായി നന്ദി അറിയിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം സര്‍ക്കാരിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി വകുപ്പ് മേധാവികള്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഒരു ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരമൊരു നീക്കം ഫലപ്രഖ്യാപനത്തിന് മുന്‍പ് ഉണ്ടാകാറില്ല. തോല്‍വി മുന്നില്‍ക്കണ്ട് അദ്ദേഹം സ്വയം പിന്മാറാന്‍ തയ്യാറെടുക്കുകയാണോ എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നത്.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് യാത്ര പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടുന്നു. സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറെ കണ്ട് നന്ദി അറിയിച്ചതും അസ്വാഭാവികമായാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനാ പദവികള്‍ ഒഴിയുന്നതിന് മുന്നോടിയായുള്ള മര്യാദകളാണോ ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു. പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യം ഇതോടെ സജീവമായി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം ക്യാമ്പുകളില്‍ അസാധാരണമായ മൗനം പടര്‍ന്നിട്ടുണ്ട്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്ന വിലയിരുത്തലുകള്‍ മുഖ്യമന്ത്രിയും ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഈ കത്തുകള്‍. വോട്ടെണ്ണലിന് ശേഷം രാഷ്ട്രീയമായ തിരിച്ചടികള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മാറിനില്‍ക്കാനുള്ള സാധ്യതയെക്കുറിച്ച് പാര്‍ട്ടി അണികള്‍ക്കിടയിലും സംസാരമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനരീതിയും സാമുദായിക സമവാക്യങ്ങളില്‍ വന്ന മാറ്റങ്ങളും ഇത്തവണ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ പരസ്യമായി ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും, മുഖ്യമന്ത്രിയുടെ ഈ വിടവാങ്ങല്‍ മൂഡ് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന ബോധ്യം മുഖ്യമന്ത്രിക്ക് വന്നുകഴിഞ്ഞോ എന്ന ചര്‍ച്ചകള്‍ യുഡിഎഫ് ക്യാമ്പുകള്‍ക്ക് വലിയ ആവേശം നല്‍കുന്നുണ്ട്.
ഗവര്‍ണറുമായി മുഖ്യമന്ത്രിയുടെ ബന്ധം പലപ്പോഴും സംഘര്‍ഷഭരിതമായിരുന്നു. എന്നാല്‍ ഫലം വരും മുന്‍പേ ഇത്തരം ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തുന്നത് ഭരണമാറ്റത്തിന്റെ കൃത്യമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്. പത്ത് വര്‍ഷത്തെ തന്റെ ഭരണകാലയളവില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ സഹായത്തെ അഭിനന്ദിക്കുക വഴി മാന്യമായ ഒരു പടിയിറക്കത്തിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയും മുഖ്യമന്ത്രിയെ ഞെട്ടിച്ചിട്ടുണ്ട്.
വിരമിക്കല്‍ മൂഡിലാണെങ്കിലും പാര്‍ട്ടിയിലെ തലമുറമാറ്റത്തിന് വഴിയൊരുക്കാനാണോ പിണറായി ലക്ഷ്യമിടുന്നത് എന്നും കണ്ടറിയണം. മുഖ്യമന്ത്രിയുടെ ഈ നീക്കം ഫലം വരുന്നതിന് മുന്‍പുള്ള ഒരു തന്ത്രമാണോ അതോ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പിന്മാറ്റമാണോ എന്ന് മെയ് നാലിലെ വോട്ടെണ്ണല്‍ ഫലം വ്യക്തമാക്കും.
