
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലായി ഉണ്ടായ ആക്രമണങ്ങളില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ദേശമംഗലത്ത് നാല് വയസ്സുകാരനെ തെരുവുനായ ക്രൂരമായി കടിച്ചുകീറി. വീുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പൂവാരത്തുടി വീട്ടില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ലാസിലിനാണ് പരിക്കേറ്റത്. കുട്ടിയുടെ കവിളിലും കൈയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് നായയെ തുരത്തി കുട്ടിയെ രക്ഷിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ലാസിലിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ വിളക്കോട്ടൂരിലും സമാനമായ രീതിയില്‍ തെരുവുനായ ആക്രമണം ഉണ്ടായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടികള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
