BoolokamBoolokam

തെരുവ് നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കടക്കാവൂര്‍ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പത്ത് വയസ്സുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ വാള്‍ട്ടര്‍-ബിജി ദമ്പതികളുടെ മകന്‍ ബിനോയ് (കുട്ടു) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നേകാലോടെ നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.

അമ്മ ബിജിക്കും സഹോദരി ബ്ലസിക്കുമൊപ്പം മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു ബിനോയ്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി തെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം സമീപത്തെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ കുടുങ്ങിപ്പോയ ബിനോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ കുട്ടിയുടെ അമ്മ ബിജിക്കും ഓട്ടോ ഡ്രൈവര്‍ മാമ്പള്ളി സ്വദേശി ഗുലായിസിനും പരിക്കേറ്റിട്ടുണ്ട്. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു ബിനോയ്. മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിലെ കൊയര്‍ ഗായികയായ ബിജിയുടെ മകന്റെ വിയോഗം തീരദേശ ഗ്രാമത്തെയും സ്‌കൂള്‍ അധികൃതരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരുവ് നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം - Marunadan Malayali | Boolokam