BoolokamBoolokam

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; ഹെക്കോടതിയുടെ പ്രഹരത്തിന് പിന്നാലെ ഡല്‍ഹിയിലും തിരിച്ചടി; മുന്‍മന്ത്രി ജയിലിലേക്കോ? ലഹരിക്കടത്ത് പ്രതിയെ രക്ഷിച്ച അഭിഭാഷകന്റെ തന്ത്രങ്ങള്‍ കുരുക്കായി; രാഷ്ട്രീയ ജീവിതം തുലാസില്‍!

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളി. ശിക്ഷാവിധി തടയണമെന്ന ആവശ്യം അംഗീകരിക്കാത്തതിന് പുറമെ, ഹൈക്കോടതി നേരത്തെ നടത്തിയ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളിക്കളഞ്ഞു. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആന്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു.

ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നില്ല. ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായിരുന്നില്ല.

മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസിന്റെ നാള്‍വഴികള്‍ സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതാണ്. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ലഹരിമരുന്നുമായി പിടിയിലായ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വലി എന്ന ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാനായി കോടതിയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ഒന്നാം പ്രതിയും ചേര്‍ന്ന് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു അന്ന് ലഹരിക്കടത്ത് കേസില്‍ പ്രതിയെ രക്ഷപ്പെടുത്തിയത്.

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈകോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ 3 വര്‍ഷം തടവാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചതിനെതിരെ ആന്റണി രാജു നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ തെളിഞ്ഞ പശ്ചാത്തലത്തില്‍ കോടതികള്‍ ഇദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ തയ്യാറായില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയുണ്ട്. ഹൈക്കോടതിയും ഇപ്പോള്‍ സുപ്രീംകോടതിയും ശിക്ഷ മരവിപ്പിക്കാന്‍ വിസമ്മതിച്ചതോടെ നിയമപരമായ പോരാട്ടത്തില്‍ ആന്റണി രാജു പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. അഭിഭാഷകനായിരിക്കെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ കണ്ടെത്തലാണ് ഈ കേസിനെ വ്യത്യസ്തമാക്കുന്നത്. തൊണ്ടിമുതല്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നീക്കണമെന്ന ആവശ്യം കൂടി സുപ്രീംകോടതി നിരസിച്ചത് മുന്‍ മന്ത്രിക്ക് രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; ഹെക്കോടതിയുടെ പ്രഹരത്തിന് പിന്നാലെ ഡല്‍ഹിയിലും തിരിച്ചടി; മുന്‍മന്ത്രി ജയിലിലേക്കോ? ലഹരിക്കടത്ത് പ്രതിയെ രക്ഷിച്ച അഭിഭാഷകന്റെ തന്ത്രങ്ങള്‍ കുരുക്കായി; രാഷ്ട്രീയ ജീവിതം തുലാസില്‍! - Marunadan Malayali | Boolokam