
ആലപ്പുഴ: ഇറാനിയന്‍ കപ്പലില്‍ 46 ദിവസമായി കുടുങ്ങിക്കിടന്ന എഞ്ചിന്‍ ടെക്‌നീഷ്യന്‍ പള്ളിപ്പാട് സ്വദേശി ജെറിന്‍ ജോര്‍ജ് സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തി. കെ.സി. വേണുഗോപാല്‍ എം.പിയുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് ഗള്‍ഫ് മേഖലയിലെ യുദ്ധാന്തരീക്ഷത്തില്‍ കപ്പലില്‍ അകപ്പെട്ട ജെറിന് മോചനം സാധ്യമായത്. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ ജെറിന്‍ തന്റെ കുടുംബത്തോടൊപ്പം സ്വദേശത്തേക്ക് തിരിച്ചു.
ദുബായ് ആസ്ഥാനമായ സീ സ്റ്റാര്‍ ഷിപ്പിംഗ് കമ്പനിയുടെ ചരക്ക് കപ്പലിലായിരുന്നു ജെറിന്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കപ്പലിന് യാത്ര തുടരാനാകാതെ വരികയും ജെറിന്‍ കപ്പലില്‍ കുടുങ്ങുകയുമായിരുന്നു. ഇതോടെ ജെറിന്റെ കുടുംബം സഹായത്തിനായി കെ.സി. വേണുഗോപാലിനെ സമീപിച്ചു. വിദേശകാര്യ മന്ത്രാലയവുമായും ഇറാന്‍ എംബസിയുമായും നിരന്തരം ആശയവിനിമയം നടത്തിയ എം.പി, ഇറാന്‍ അംബാസിഡറുമായി സംസാരിച്ചാണ് ജെറിന് നാട്ടിലേക്ക് മടങ്ങാനുള്ള പ്രാഥമിക അനുമതി ഉറപ്പാക്കിയത്.
യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ വഴി ഷിപ്പിംഗ് കമ്പനിയുമായി എം.പി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചു. കപ്പലില്‍ നിന്ന് ജെറിന് ഇറങ്ങാനുള്ള പ്രത്യേക അനുമതി കമ്പനി നല്‍കിയതോടെ മോചനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. തുടര്‍ന്ന് ഇറാന്‍-അര്‍മേനിയ അതിര്‍ത്തിയിലെ ഹോട്ടലില്‍ ജെറിന് താമസം ഒരുക്കി. ജെറിന്റെ കുടുംബവുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്ന എം.പി, ഓരോ ഘട്ടത്തിലെയും പുരോഗതി അവരെ അറിയിച്ചിരുന്നു.
ഇറാന്‍ വഴി നേരിട്ട് വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ അര്‍മേനിയ വഴി ജെറിനെ നാട്ടിലെത്തിക്കാനായിരുന്നു അടുത്ത നീക്കം. ഇതിനായി അര്‍മേനിയന്‍ എംബസിയുമായി ബന്ധപ്പെട്ട് വിസ നടപടികള്‍ വേഗത്തിലാക്കി. എം.പി സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്തു നല്‍കിയതോടെയാണ് ജെറിന്റെ മടക്കയാത്രയ്ക്ക് വഴി തെളിഞ്ഞത്. ഒന്നര മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനും ആശങ്കയ്ക്കുമൊടുവില്‍ തന്റെ മകന്‍ സുരക്ഷിതനായി എത്തിയതിന്റെ ആശ്വാസത്തിലാണ് പള്ളിപ്പാട്ടെ കുടുംബം.
