BoolokamBoolokam

ധോണി ഇല്ലാതെ ചെന്നൈ; രോഹിത് ഇല്ലാതെ മുംബൈ; 'തലയില്ലാത്ത' ഐപിഎല്‍ 'എല്‍ ക്ലാസിക്കോ'; ഇരു ടീമുകളിലും നിര്‍ണായക മാറ്റങ്ങള്‍; മുംബൈയ്ക്ക് മോശം തുടക്കം

ചെന്നൈ: ഐപിഎല്ലിലെ 'എല്‍ ക്ലാസിക്കോ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വില്‍ ജാക്‌സിനെ നഷ്ടപ്പെട്ട മുംബൈ പ്രതിരോധത്തിലായി. ഒരു റണ്‍ എടുത്ത വില്‍ ജാക്‌സിനെ അന്‍ഷുല്‍ കാംബോജാണ് പുറത്താക്കിയത്. ടോസ് ഭാഗ്യം തുണച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് സാധ്യത തുലാസിലാണെങ്കിലും ഐപിഎല്ലിലെ ഏറ്റവും വലിയ ചിരവൈരികളുടെ പോരാട്ടം എന്ന നിലയില്‍ ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ മത്സരത്തെ ഉറ്റുനോക്കുന്നത്. എട്ട് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ചെന്നൈയ്ക്കും, നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള മുംബൈയ്ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.

ഇരു ടീമുകളും സുപ്രധാനമായ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ സഞ്ജു സാംസണിലാണ് ആരാധകരുടെ പ്രധാന പ്രതീക്ഷ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തിയ നായകന്‍ റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിംഗും ചെന്നൈയ്ക്ക് കരുത്താകും. ടീമില്‍ രണ്ട് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരിക്കുന്നത്. ഗുര്‍ജന്‍പ്രീത് സിംഗിന് പകരം രാമകൃഷ്ണ ഘോഷും സ്പിന്നര്‍ അകെയ്ല്‍ ഹുസൈന് പകരം പ്രശാന്ത് വീറും പ്ലേയിംഗ് ഇലവനിലെത്തി. എം.എസ് ധോണി കളിക്കുമോ എന്ന കാര്യത്തില്‍ അവസാന നിമിഷം വരെ ആകാംക്ഷ നിലനിന്നിരുന്നെങ്കിലും വിക്കറ്റിനിടയിലെ ഓട്ടത്തിലും ശാരീരികക്ഷമതയിലും പൂര്‍ണ്ണ തൃപ്തനാണെങ്കില്‍ മാത്രമേ ഇറങ്ങുകയുള്ളൂ എന്ന തീരുമാനം നിര്‍ണായകമായി.

മറുഭാഗത്ത് ലോകകപ്പ് താരങ്ങളുടെ മോശം ഫോമാണ് മുംബൈ ഇന്ത്യന്‍സിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 243 റണ്‍സ് പോലും പ്രതിരോധിക്കാന്‍ കഴിയാത്ത ബൗളിംഗ് നിരയുടെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനുമുള്ളത്. മുംബൈ നിരയില്‍ അശ്വനി കുമാറിന് പകരം കൃഷ് ഭഗതിനെയും ലെഗ് സ്പിന്നര്‍ രഘു ശര്‍മ്മയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചെപ്പോക്കിലെ സ്പിന്‍ പിച്ചില്‍ നൂര്‍ അഹമ്മദും പ്രശാന്ത് വീറും അടങ്ങുന്ന ചെന്നൈ ബൗളിംഗ് നിരയെ ഹാര്‍ദിക്കും സംഘവും എങ്ങനെ നേരിടും എന്നത് മത്സരഗതിയെ സ്വാധീനിക്കും. ഇനിയുള്ള ഓരോ മത്സരവും പ്ലേ ഓഫ് പോലെ പ്രധാനമാണെന്ന് മുംബൈ പരിശീലകന്‍ മഹേല ജയവര്‍ദ്ധനെ ടീമിനെ ഓര്‍മ്മിപ്പിച്ചു കഴിഞ്ഞു. വാംഖഡെയില്‍ തങ്ങളെ കീഴടക്കിയ സിഎസ്‌കെയെ സ്വന്തം തട്ടകത്തില്‍ വീഴ്ത്തി പകരം വീട്ടാനാണ് മുംബൈ ലക്ഷ്യമിടുന്നത്. അതേസമയം, സഞ്ജു സാംസണിന്റെയും ശിവം ദുബെയുടെയും വെടിക്കെട്ട് ബാറ്റിംഗിലൂടെ പോയിന്റ് പട്ടികയില്‍ മുന്നേറാനാണ് ചെന്നൈയുടെ ശ്രമം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!