
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ നടന്ന വെടിവയ്പ്പ് അമേരിക്കന്‍ ഭരണകൂടത്തെയും സുരക്ഷാ ഏജന്‍സികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വിരുന്നിനിടെയുണ്ടായ ഈ ആക്രമണം കനത്ത സുരക്ഷാവലയങ്ങളെ ഭേദിച്ചാണ് നടന്നത് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ശനിയാഴ്ച രാത്രി വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വച്ച് കാലിഫോര്‍ണിയയിലെ ടോറന്‍സ് സ്വദേശിയായ 31 കാരന്‍ കോള്‍ തോമസ് അലനാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു.
മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സൂചിപ്പിക്കുന്നു. ലോകപ്രശസ്തമായ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (Caltech) നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. ഐജെകെ കണ്‍ട്രോള്‍സ് പോലുള്ള സ്ഥാപനങ്ങളില്‍ എഞ്ചിനീയറായും കാല്‍ടെക്കില്‍ ടീച്ചിംഗ് അസിസ്റ്റന്റായും ജോലി ചെയ്തിട്ടുള്ള അലന് മികച്ച അക്കാദമിക് പശ്ചാത്തലമാണുള്ളത്. കൂടാതെ സി2 എഡ്യൂക്കേഷനില്‍ പാര്‍ട്ട് ടൈം അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്പനിയുടെ ഫേസ്ബുക്ക് പേജിലെ 2024 ലെ ഒരു പോസ്റ്റില്‍ അലനെ അധ്യാപകനായി പരിചയപ്പെടുത്തുന്നുണ്ട്. 2014ല്‍, നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ സമ്മര്‍ അണ്ടര്‍ ഗ്രാജുവേറ്റ് റിസര്‍ച്ച് ഫെലോഷിപ്പില്‍ അലന്‍ പങ്കെടുത്തിരുന്നു.
പ്രതിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് 2014-ല്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ (JPL) ലഭിച്ച സമ്മര്‍ അണ്ടര്‍ ഗ്രാജുവേറ്റ് റിസര്‍ച്ച് ഫെലോഷിപ്പാണ്. ബഹിരാകാശ ഗവേഷണ രംഗത്തെ മുന്‍നിര സ്ഥാപനത്തിലെ ഈ അനുഭവം അദ്ദേഹത്തിന്റെ സാങ്കേതിക മികവിനെയാണ് എടുത്തുകാണിക്കുന്നത്. കൂടാതെ, ബോര്‍ഡം, ഫസ്റ്റ് ലോ ('Bohrdom', 'First Law') തുടങ്ങിയ വീഡിയോ ഗെയിമുകള്‍ വികസിപ്പിച്ചെടുത്ത ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. തന്മാത്രാ രസതന്ത്രത്തെയും ബഹിരാകാശ പോരാട്ടങ്ങളെയും ആസ്പദമാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ക്രിയേറ്റീവ് വര്‍ക്കുകള്‍. തന്മാത്രാ രസതന്ത്രത്തെ അടിസ്ഥാനമാക്കി സ്റ്റീം പ്ലാറ്റ്ഫോമിനായി ഒരു വീഡിയോ ഗെയിം വികസിപ്പിച്ചതായും അലന്‍ പോസ്റ്റ് ചെയ്തു. ബഹിരാകാശത്ത് സജ്ജമാക്കിയ ഒരു പുതിയ 'ടോപ്പ്-ഡൗണ്‍ ഷൂട്ടര്‍' കോംബാറ്റ് ഗെയിം വികസിപ്പിക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അലന്റെ പേരിലുള്ള ഒരു പോസ്റ്റില്‍ പറയുന്നു.
ഹില്‍ട്ടണ്‍ ഹോട്ടലിലെ സുരക്ഷാ പരിശോധനകള്‍ വെട്ടിച്ച് ആയുധങ്ങളുമായി എത്തിയ അലന്‍ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിനെ വെടിവയ്ക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതിയുടെ കൈവശം ഒരു ഷോട്ട്ഗണ്‍, ഒരു ഹാന്‍ഡ്ഗണ്‍, നിരവധി കത്തികള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് മേധാവി ജെഫറി കരോള്‍ വെളിപ്പെടുത്തി. ഹോട്ടലിലെ തന്നെ ഒരു മുറിയില്‍ താമസക്കാരനായിരുന്നു ഇയാളെന്നും അതുകൊണ്ടാണ് ആയുധങ്ങള്‍ അകത്തേക്ക് എത്തിക്കാന്‍ സാധിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വെടിയൊച്ച കേട്ട ഉടന്‍ തന്നെ പ്രസിഡന്റ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏകദേശം 2,500 അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ വലിയ പരിഭ്രാന്തിയാണ് വെടിവയ്പ്പിനെത്തുടര്‍ന്നുണ്ടായത്. അതിഥികള്‍ മേശകള്‍ക്ക് താഴെ ഒളിച്ചാണ് അക്രമത്തില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ശ്രമിച്ചത്. അക്രമിയെ സുരക്ഷാ സേന കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍ ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ പിന്നീട് പങ്കുവെച്ചു. അക്രമിയെ 'ലോണ്‍ വുള്‍ഫ്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അലനെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഫെഡറല്‍ ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊളംബിയ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി ജീനൈന്‍ പിറോ ആണ് നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. 2014-ല്‍ കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇയാള്‍ സംഭാവന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യമോ രാഷ്ട്രീയ പ്രേരിതമാണോ എന്നതോ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പ്രതിയെ പിടികൂടുന്നതിനിടെ ഒരു സുരക്ഷ ഉദ്യോഗസ്ഥന് വെടിയേറ്റതായും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ട്രംപ് അറിയിച്ചു. പിടികൂടിയതിനു പിന്നാലെയുള്ള പ്രതിയുടെ ചിത്രവും ട്രംപ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിലവില്‍ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. യുവാവിന്റെ പക്കല്‍ നിന്നും തോക്ക് ഉള്‍പ്പെടെ ചില ആയുധങ്ങള്‍ കണ്ടെടുത്തതായും ട്രംപ് വ്യക്തമാക്കി. പ്രതി അലന്‍ സംഭവ സ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നതിന്റെ വിഡിയോകളും ട്രംപ് തന്റെ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് ഉണ്ടായത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വലിയ വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് ട്രംപിനെയും ഭാര്യ മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നു. കനത്ത സുരക്ഷാ പരിശോധനകള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് ആയുധവുമായി ഒരാള്‍ക്ക് എങ്ങനെ പ്രവേശിക്കാനായി എന്നത് സംബന്ധിച്ച് എഫ്.ബി.ഐയും സീക്രട്ട് സര്‍വീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് നേരെ മുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ് വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍. 1981-ല്‍ പ്രസിഡന്റ് റോണാള്‍ഡ് റീഗനു നേരെ വെടിയേറ്റത് ഇതേ ഹോട്ടലിന് പുറത്തുവെച്ചായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെന്‍സില്‍വാനിയയില്‍ വച്ച് ട്രംപിന് നേരെ വധശ്രമം ഉണ്ടായതിന് പിന്നാലെ നടന്ന ഈ സംഭവം യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സുരക്ഷാ പരാജയമായി വിലയിരുത്തപ്പെടുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതി അലനെ വിശദമായ ചോദ്യം ചെയ്യലിനും മാനസികാരോഗ്യ പരിശോധനയ്ക്കും വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
