BoolokamBoolokam

നിതിന്‍ രാജിന്റെ മരണം: 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം; ഫോണ്‍ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും; സിസിടിവിയിലും അന്വേഷണം; ഇന്റേണല്‍ മാര്‍ക്ക് വൈരാഗ്യവും പരിശോധിക്കും; നിര്‍ണ്ണായക നീക്കവുമായി എഡിജിപി; 30 ദിവസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കും

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ചിന് എഡിജിപിയുടെ കര്‍ശന നിര്‍ദേശം. 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും 30 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിക്ക് ലഭിച്ചിരിക്കുന്ന ഉത്തരവ്.

കേസിലെ ഏറ്റവും നിര്‍ണ്ണായക തെളിവായ നിതിന്‍ രാജിന്റെ ഫോണ്‍ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും വിവരങ്ങള്‍ യാതൊരു കാരണവശാലും പുറത്തുപോകരുതെന്നും അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കുടുംബത്തിന് കൈമാറാനും തീരുമാനമായിട്ടുണ്ട്.

നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതകളോ ലോണ്‍ ആപ്പുകളുടെ ഭീഷണിയോ ഉണ്ടോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അതീവ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. മരിച്ച ദിവസം രാവിലെ നിതിന്‍ സഹോദരിയോട് ഭക്ഷണം കഴിക്കാന്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം അയച്ചു നല്‍കിയതിന് പിന്നാലെയാണ് അപകട വാര്‍ത്ത എത്തുന്നത്. ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണി വിദ്യാര്‍ത്ഥിയെ മാനസികമായി തളര്‍ത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണ്.

കോളേജിലെ വകുപ്പ് മേധാവി ഡോ. റാം നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. നിതിന്റെ നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഡോ. റാം അധിക്ഷേപിച്ചിരുന്നുവെന്നും ഇന്റേണല്‍ മാര്‍ക്കിനെ ചൊല്ലി വൈരാഗ്യം കാണിച്ചിരുന്നതായും നിതിന്‍ വീട്ടുകാരെ അറിയിച്ചിരുന്നു. ഈ പീഡനങ്ങള്‍ സഹിക്കവയ്യാതെ നിതിന്‍ കുറച്ചുദിവസം കോളേജില്‍ പോകാതെ വീട്ടില്‍ നിന്നിരുന്നു. ജാതി അധിക്ഷേപം നടന്നോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുക്കും.

കഴിഞ്ഞ മാസം 10-നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരു അധ്യാപിക വിളിച്ചാണ് അപകടവിവരം അറിയിച്ചത്. എന്നാല്‍ നിതിന്‍ മരിച്ച വിവരം കോളേജ് അധികൃതര്‍ മറച്ചുവെച്ചതായും വാര്‍ത്തകളിലൂടെയാണ് മരണവിവരം അറിഞ്ഞതെന്നും മാതാവ് ലത പറഞ്ഞു. മകന്‍ മരിച്ചുവെന്ന് അറിഞ്ഞിട്ടും അത് കൃത്യസമയത്ത് അറിയിക്കാതെ ആശുപത്രിയിലേക്ക് എത്താന്‍ പറഞ്ഞ കോളേജ് അധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ വാദം.

ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി നേരിട്ട വിവേചനവും പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നതോടെ കോളേജിനുള്ളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് കരുതുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിതിന്‍ രാജിന്റെ മരണം: 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം; ഫോണ്‍ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും; സിസിടിവിയിലും അന്വേഷണം; ഇന്റേണല്‍ മാര്‍ക്ക് വൈരാഗ്യവും പരിശോധിക്കും; നിര്‍ണ്ണായക നീക്കവുമായി എഡിജിപി; 30 ദിവസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കും - Marunadan Malayali | Boolokam