
ഹരിപ്പാട്: നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതിത്തൂൺ തകർന്നു. പുലർച്ചെയുണ്ടായ അപകടത്തിൽ തൂൺ കാറിന് മുകളിലേക്ക് മറിഞ്ഞുവീണെങ്കിലും എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡാണാപ്പടി - മുതുകുളം റോഡിൽ ചൂളത്തെരുവ് ജംഗ്ഷന് സമീപം കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
വടക്കുഭാഗത്തുനിന്നും വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡിന്റെ പടിഞ്ഞാറുവശത്തുള്ള വൈദ്യുതിത്തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞ തൂൺ കാറിന്റെ മുൻവശത്തേക്ക് പതിച്ചു. കാറിന്റെ മുൻഭാഗം ഏകദേശം പൂർണ്ണമായും തകർന്നിട്ടുണ്ട്.
