
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി ബിജെപിയുടെ വന്‍ മുന്നേറ്റം. 2026 ഏപ്രില്‍ 26-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍, സംസ്ഥാനത്തെ 15 കോര്‍പ്പറേഷനുകളില്‍ 13 എണ്ണത്തിലും ബിജെപി അധികാരം പിടിച്ചെടുത്തു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ബിജെപി ആധിപത്യം ഉറപ്പിച്ചു. ഭാവ്നഗര്‍, ഗാന്ധിധാം, ജാംനഗര്‍ തുടങ്ങിയ കോര്‍പ്പറേഷനുകളിലും ബിജെപി മിന്നുംജയം സ്വന്തമാക്കി. ആകെ 1044 കോര്‍പ്പറേഷന്‍ സീറ്റുകളില്‍ 732 എണ്ണവും ബിജെപി സ്വന്തമാക്കി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 65 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്ക് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
അഹമ്മദാബാദില്‍ 192 സീറ്റുകളില്‍ 158 എണ്ണവും ബിജെപി നേടി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ ഖാഡിയയില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടു. സൂറത്തില്‍ കഴിഞ്ഞ തവണ കരുത്തുകാട്ടിയ ആം ആദ്മി പാര്‍ട്ടിയെ നിലംപരിശാക്കി 115 സീറ്റുകളോടെ ബിജെപി ഭരണം നിലനിര്‍ത്തി. രാജ്‌കോട്ടില്‍ 72-ല്‍ 65 സീറ്റുകള്‍ നേടി ബിജെപി കരുത്തുകാട്ടിയപ്പോള്‍, ഏറെ ശ്രദ്ധിക്കപ്പെട്ട ആര്‍.ജെ. ആഭയുടെ പരാജയം ചര്‍ച്ചയായി. വഡോദരയില്‍ 76-ല്‍ 69 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. ബിജെപി യുവനേതാവ് അങ്കിത പര്‍മാര്‍ ഇവിടെ നിന്ന് മിന്നും വിജയം നേടി.
നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി തന്നെ
സംസ്ഥാനത്തെ 84 മുനിസിപ്പാലിറ്റികളിലായി ആകെയുള്ള 2030 സീറ്റുകളില്‍ 1688 സീറ്റും ബിജെപി നേടിയതായാണ് റിപ്പോര്‍ട്ട്. മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസിന് കിട്ടിയത് 389 സീറ്റുകളാണ്. മറ്റുപാര്‍ട്ടികളെല്ലാം ചേര്‍ന്ന് 138 സീറ്റുകളും നേടി. 34 ജില്ലാ പഞ്ചായത്തുകളിലായുള്ള 1090 സീറ്റുകളില്‍ 503 സീറ്റുകള്‍ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് 68 സീറ്റുകളിലൊതുങ്ങി. താലൂക്ക് പഞ്ചായത്തുകളിലും മികച്ച വിജയമാണ് ബിജെപി നേടിയത്. ഇതിനിടയില്‍ മെഹ്സാനയിലെ ബിജെപി ഓഫീസ് (കമലം) ജീവനക്കാരന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത് കൗതുകമായി. വിജാപുര്‍ താലൂക്ക് പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ നടി നേഹ സുത്താര്‍ വിജയിച്ചു. സാമൂഹികമാധ്യമങ്ങളിലെ താരവും ബിജെപി യുവനേതാവുമായ അങ്കിത പര്‍മാറും തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നുംജയം നേടി. വഡോദര കോര്‍പ്പറേഷനിലെ പോര്‍ സീറ്റിലാണ് അങ്കിത ജയിച്ചത്.
തിരിച്ചടികളും ഒറ്റപ്പെട്ട വിജയങ്ങളും
ബിജെപിയുടെ വിജയത്തിനിടയിലും ചിലയിടങ്ങളില്‍ പ്രതിപക്ഷം അട്ടിമറി നടത്തി. ബിജെപി എംഎല്‍എ ശൈലേഷ് മേത്തയുടെ ശക്തികേന്ദ്രമായ ദബോയ് മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് അട്ടിമറി ജയം നേടി. പലേജ് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊഹ്‌സിന്‍ പത്താന്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. ഒരു ജില്ലാ പഞ്ചായത്തിലും അഞ്ച് താലൂക്ക് പഞ്ചായത്തുകളിലും തങ്ങള്‍ക്ക് ഭരണം ലഭിച്ചതായി ആം ആദ്മി പാര്‍ട്ടി അവകാശപ്പെട്ടു. എങ്കിലും മൊത്തത്തിലുള്ള ഫലം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.
