
ബെയ്‌റൂട്ട്: ലെബനനില്‍ സംഘര്‍ഷം രൂക്ഷം. ദക്ഷിണ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. നബാറ്റിയ ജില്ലയിലെ ഹബൂഷില്‍ ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഹബൂഷില്‍ മാത്രം എട്ടുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ സിദോന്‍ ജില്ലയിലെ സെരാരിയയില്‍ നാലുപേരും ടയര്‍ ജില്ലയിലെ ഐന്‍ ബാലില്‍ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച നടന്ന ആക്രമണങ്ങളില്‍ 32 പേര്‍ക്ക് പരിക്കേറ്റു. നിലവില്‍ മൂന്നാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയിട്ടുണ്ടെങ്കിലും ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈനികരെയും വാഹനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ശനിയാഴ്ച അവകാശപ്പെട്ടു. പോരാട്ടത്തിനിടെ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചു. മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെ 17 ഇസ്രായേല്‍ സൈനികരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്.
അമേരിക്കയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതിനുള്ള സമിതി അധ്യക്ഷന്‍ ജനറല്‍ ജോസഫ് ക്ലിയര്‍ഫീല്‍ഡ് ലെബനന്‍ സൈനിക മേധാവിയുമായി ബെയ്‌റൂട്ടില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ ലെബനന്‍ സൈന്യത്തിന്റെ പങ്കും അവര്‍ക്ക് നല്‍കേണ്ട പിന്തുണയും ചര്‍ച്ചകളില്‍ പ്രധാന വിഷയമായി. ഏപ്രില്‍ 16-നാണ് വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 10 ദിവസത്തെ വെടിനിര്‍ത്തല്‍ ആദ്യമായി പ്രഖ്യാപിച്ചത്. 1993-ന് ശേഷം ഇസ്രായേലും ലെബനനും തമ്മില്‍ നടന്ന ആദ്യ ഉന്നതതല ചര്‍ച്ചയായിരുന്നു ഇത്.
ഏപ്രില്‍ 23-ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയില്‍ നിന്ന് ലെബനനെ സംരക്ഷിക്കാന്‍ അമേരിക്ക ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഔദ്യോഗികമായി വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെങ്കിലും, ഇസ്രായേല്‍ പാലിക്കുകയാണെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കാമെന്ന് ഹിസ്ബുള്ള നേരത്തെ അറിയിച്ചിരുന്നു.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ബെയ്‌റൂട്ട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ആക്രമണങ്ങള്‍ കുറഞ്ഞെങ്കിലും ദക്ഷിണ ലെബനനില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമാണ്. ഇസ്രായേല്‍ സൈന്യം നിരന്തരം വ്യോമാക്രമണങ്ങളും ഒഴിപ്പിക്കല്‍ ഉത്തരവുകളും പുറപ്പെടുവിക്കുന്നുണ്ട്. ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ഇത് വെല്ലുവിളിയായി തുടരുന്നു.
കഴിഞ്ഞ നവംബറില്‍ ഇരുവിഭാഗവും വെടിനിര്‍ത്തലില്‍ എത്തിയിരുന്നെങ്കിലും ഇസ്രായേല്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും ഇറാന്റെ പരമോന്നത നേതാവിനെ വധിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചത്. ഇതിന് പ്രതികാരമായി മാര്‍ച്ച് രണ്ടിന് ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടു.
ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ലെബനനില്‍ അതിശക്തമായ ബോംബാക്രമണം ആരംഭിച്ചു. മാര്‍ച്ച് ആദ്യവാരത്തോടെ ഇസ്രായേല്‍ സൈന്യം ദക്ഷിണ ലെബനനിലേക്ക് വീണ്ടും പ്രവേശിച്ചു. അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരം ഇസ്രായേല്‍ സൈന്യം നിലവില്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. നിരവധി ഗ്രാമങ്ങള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു.
മാര്‍ച്ച് മുതല്‍ ഇതുവരെ ലെബനനില്‍ 2,659 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 103 ആരോഗ്യപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ എത്രപേര്‍ സാധാരണക്കാരാണെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ദക്ഷിണ ലെബനനില്‍ അന്‍പതോളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഹിസ്ബുള്ളയുടെ ആസ്ഥാനങ്ങളും സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. ഇസ്രായേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും സൈന്യം അറിയിച്ചു.
ഇസ്രായേലിന്റെ 'ഡബിള്‍ ടാപ്പ്' ആക്രമണത്തില്‍ (ഒരു സ്ഥലത്ത് തന്നെ തുടര്‍ച്ചയായി രണ്ട് തവണ ബോംബ് ഇടുന്ന രീതി) മൂന്ന് രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ലെബനന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കെ തന്നെ ഇരുവിഭാഗവും ആക്രമണം തുടരുന്നത് മേഖലയെ കൂടുതല്‍ അസ്ഥിരമാക്കുകയാണ്. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്ന സൂചനയാണ് ഇസ്രായേല്‍ സൈന്യം നല്‍കുന്നത്.
