
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ പ്രതികരണവുമായി നിതിൻ രാജിന്റെ കുടുംബം രംഗത്തെത്തി. മകന്റെ നീതിക്കായുള്ള സമരത്തെ സ്വാഗതം ചെയ്യുമ്പോഴും, ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ശരിയല്ലെന്ന് നിതിന്റെ പിതാവ് രാജൻ പറഞ്ഞു.
പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അക്രമം പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രത്യേകിച്ച് രോഗികളെയും പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളെയും തടയുന്നത് അംഗീകരിക്കാനാവില്ല. ഹർത്താൽ നല്ല ഉദ്ദേശത്തോടെയുള്ളതാണെങ്കിലും അത് പൊതുജനങ്ങൾക്ക് ദുരിതമായി മാറരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞതോടെ സംസ്ഥാനത്തുടനീളം കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഇത് വിഐടിഎൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളെയും ആശുപത്രികളിലേക്ക് പോകേണ്ടവരെയും വല്ലാതെ വലച്ചു.
തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ ബസുകൾ കടത്തിവിടാൻ പോലീസ് ശ്രമിച്ചതിനെ സമരക്കാർ എതിർത്തതോടെ വലിയ വാക്തർക്കമുണ്ടായി. നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിലും റോഡ് ഉപരോധിച്ച പ്രവർത്തകർക്കെതിരെ പോലീസ് നടപടിയെടുത്തു. സ്ത്രീകളടക്കമുള്ള സമരസമിതി പ്രവർത്തകർ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും പോലീസ് ലാത്തിവീശുന്ന സാഹചര്യവുമുണ്ടായി. നീതിക്കായുള്ള പോരാട്ടം തുടരുമ്പോഴും കുടുംബം തന്നെ ഹർത്താലിനെതിരായ നിലപാട് വ്യക്തമാക്കിയത് ഈ പ്രതിഷേധത്തിനിടയിലെ ശ്രദ്ധേയമായ കാര്യമായി.
