
നീനാ കൈരളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈസ്റ്റര്‍,വിഷു,ഈദ് സംയുക്താഘോഷങ്ങള്‍ നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് വര്‍ണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,
സ്‌നേഹവും വിളിച്ചോതുന്ന ഈസ്റ്റര്‍,വിഷു,ഈദ് ആഘോഷങ്ങള്‍ ഒരുമയുടെ സന്ദേശത്തില്‍ ആഘോഷിക്കാന്‍ കൈരളിക്ക് സാധിച്ചു.
നീനാ കൈരളി പ്രസിഡന്റ് ജെയ്‌സണ്‍ ജോസഫ് സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് നീനാ സെന്റ് മേരിസ് ചര്‍ച്ചിലെ വൈദികന്‍ ഫാ.റെക്‌സന്‍ ചുള്ളിക്കലും തുടര്‍ന്നു കമ്മറ്റി അംഗങ്ങളും ചേര്‍ന്നു തിരിതെളിച്ചതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്‌സന്‍ ചുള്ളിക്കല്‍ നല്‍കി.

ഈസ്റ്ററും വിഷുവും ഈദും ഒരേ വേദിയില്‍ ഒരുമിച്ച് ആഘോഷിച്ചപ്പോള്‍, മൂന്ന് ആഘോഷങ്ങളെയും പ്രതിനിധീകരിച്ച് മൂന്ന് കുടുംബങ്ങള്‍ തനതായ വേഷവിധാനങ്ങളോടെ സ്റ്റേജില്‍ എത്തിയത് മതസൗഹാര്‍ദ്ദത്തിന്റെ ഉജ്ജ്വലമായ കാഴ്ചയായി. വിവിധ സംസ്‌കാരങ്ങള്‍ ഒന്നായി ചേര്‍ന്ന ആ നിമിഷം ഐക്യം വിളിച്ചോതുന്നതായിരുന്നു.
തുടര്‍ന്നു നിരവധി സ്‌കിറ്റുകള്‍,കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍,നൃത്ത പരിപാടികള്‍ ,സംഗീതാലാപം തുടങ്ങി കാണികളെ ഈസ്റ്റര്‍,വിഷു,ഈദ് ആഘോഷങ്ങളുടെ പവിത്രതയിലേയ്ക്കും,ചിന്തകളിലേയ്ക്കും കൂട്ടികൊണ്ട് പോകുന്ന അനവധി പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.

പീഡാനുഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ച 'മുപ്പത് വെള്ളിക്കാശ് ' എന്ന ദൃശ്യവിഷ്‌കാരവും,ഏവരെയും ഗൃഹാതുരത്വത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയ 'അമരം വീണ്ടും 'എന്ന സ്‌കിറ്റും കൂടാതെ 'ശിവപാര്‍വതീ പരിണയം' നടന രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടതും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.പിന്നീട് കാണികളെ ആവേശഭരിതരാക്കിയ ഡിജെയ്‌ക്കൊപ്പം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികള്‍ക്ക് തിരശീല വീണു.
കമ്മറ്റി അംഗങ്ങളായജെയ്‌സണ്‍, ജിബിന്‍,പ്രദീപ്,ടെല്‍സ്, ജസ്‌ന,എയ്ഞ്ചല്‍,ജിജി, വിനയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.2026/27 വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായി ജോബി മാനുവല്‍,അനീഷ് പോള്‍ ,ജിബിന്‍ ദേവസ്സി ,മാര്‍ക്ക് ആന്റണി,പല്ലവി സുബി,നിത്യ മരിയ ജോണ്‍ ,ജിഷ മാത്യു,ദീപ്തി ശ്രീരാഗ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
വാര്‍ത്ത: ജോബി മാനുവല്‍.


