
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കുടുംബകലഹത്തിനൊടുവില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും ട്യൂഷന്‍ സെന്റര്‍ അധ്യാപകനുമായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തുവര്‍ഷം മുമ്പായിരുന്നു വിവാഹം.
ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ വിഷ്ണുവും അല്‍മയും മാത്രമാണ് ഉണ്ടായിരുന്നത്. ദീര്‍ഘനാളായി ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അല്‍മയെ കൊന്ന ശേഷം വിഷ്ണു തന്നെ വിവരം അയല്‍ക്കാരെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.
വിവാഹം കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. കുറെ കാലമായി ഇരുവരും തമ്മില്‍ അസ്വസ്ഥതകള്‍ നിലനിന്നിരുന്നു. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ കാരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും
